Sathyian Nedumancherriyil

Subject : ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; യുഎസ് ഉപരോധം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; യുഎസ് ഉപരോധം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് മുന്നറിയിപ്പ്.

തെഹ്‌റാൻ: അമേരിക്കൻ ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇതോടെ ആഗോള എണ്ണ വിപണിയിൽ വൻ പ്രതിസന്ധിക്ക് സാധ്യതയേറി. ശനിയാഴ്ച കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന (IRGC) വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.

ചുരുങ്ങിയ സമയത്തേക്ക് തുറന്നുകൊടുത്ത കപ്പൽ പാതയാണ് യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ഇറാൻ വീണ്ടും പൂർണ്ണമായി അടച്ചത്. നിലവിൽ ഹോർമുസ് കടലിടുക്ക് സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണെന്ന് ഇറാന്റെ സൈനിക കമാൻഡ് വ്യക്തമാക്കി.യുഎസ് ഏർപ്പെടുത്തിയ തുറമുഖ ഉപരോധം പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഇറാൻ ഈ കർശന നടപടി സ്വീകരിച്ചത്.

ശനിയാഴ്ച കടലിടുക്ക് വഴി നീങ്ങിയ ടാങ്കറിന് നേരെയും ഇന്ത്യൻ പതാക ഘടിപ്പിച്ച അസംസ്‌കൃത എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായതായി യുകെ മാരിടൈം ഏജൻസിയും റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. യുഎസുമായുള്ള ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആണവ വിഷയങ്ങളിലും കടലിടുക്കിന്റെ സുരക്ഷയിലും കടുത്ത ഭിന്നത തുടരുകയാണെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.

എന്നാൽ ഇറാന്റേത് ‘ബ്ലാക്ക് മെയിലിംഗ്’ തന്ത്രമാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം.എട്ട് ആഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. ലോകത്തെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയായതിനാൽ, കടലിടുക്ക് അടച്ചത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

പാകിസ്ഥാൻ മധ്യസ്ഥതയിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ ഉടമ്പടി അവസാനിക്കാനിരിക്കെ, മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെ, നിലപാട് കടുപ്പിച്ച ഇറാന്റെ നീക്കം ലോകരാജ്യങ്ങളെ വലിയ സാമ്പത്തിക-നയതന്ത്ര പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.