സ്വപ്നഭവനത്തിലേക്ക് ഇനി ദൂരം കുറയും. അയർലണ്ടിൽ മോർട്ട്ഗേജ് പരിധിയും വരുമാന പരിധിയും വർദ്ധിപ്പിച്ചു. 2026-ൽ വീട് വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വൻ ആശ്വാസം.
അയർലണ്ടിൽ വീട് വാങ്ങുന്നവർക്ക് ആശ്വാസം: ഭവന വായ്പാ പരിധിയും വരുമാന പരിധിയും വർദ്ധിപ്പിച്ചു.
ഡബ്ലിൻ: അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ലോക്കൽ അതോറിറ്റി ഹോം ലോൺ (LAHL), ലോക്കൽ അതോറിറ്റി പർച്ചേയ്സ് ആൻഡ് റിനൊവേഷൻ ലോൺ എന്നിവയുടെ നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. വീടുകളുടെ വില പരിധിയും അപേക്ഷകരുടെ വരുമാന പരിധിയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 2026-ലെ രണ്ടാം പാദത്തിൽ (Q2) ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ അറിയിച്ചു.
ആദ്യമായി വീട് വാങ്ങുന്നവർക്കും (First-time buyers) പുതിയ അപേക്ഷകർക്കും വായ്പകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീട് വാങ്ങുന്നതിനൊപ്പം, ഒഴിഞ്ഞുകിടക്കുന്നതോ (Vacant) ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കൾ വാങ്ങി പുതുക്കിപ്പണിയുന്നതിനും ഈ വായ്പ ഉപയോഗിക്കാം. ഇതിന് പുറമെ വേക്കന്റ് പ്രോപ്പർട്ടി റീഫർബിഷ്മെന്റ് ഗ്രാന്റും അപേക്ഷകർക്ക് ലഭ്യമാകും.
പുതുക്കിയ വില പരിധികൾ
വിവിധ കൗണ്ടികളിൽ വായ്പ വഴി വാങ്ങാവുന്ന വീടുകളുടെ പരമാവധി വിലയിൽ വരുത്തിയ മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
-
€415,000 വരെ: ഡബ്ലിൻ സിറ്റി, സൗത്ത് ഡബ്ലിൻ, ഡൺലേരി റാത്ത്ഡൗൺ, ഫിംഗൽ, കിൽഡെയർ, വിക്ലോ (പഴയ പരിധി: €360,000).
-
€375,000 വരെ: ഗോൾവേ സിറ്റി, കോർക്ക് സിറ്റി, മീത്ത്, കോർക്ക് കൗണ്ടി (പഴയ പരിധി: €330,000).
-
€345,000 വരെ: ക്ലെയർ, കിൽകെന്നി, ലിമെറിക്ക്, വാട്ടർഫോർഡ്, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, ഗോൾവേ കൗണ്ടി, ലൗത്ത്.
-
€310,000 വരെ: കാർലോ, കാവൻ, ഡൊണഗൽ, കെറി, ലാവോയിസ് (പോർട്ട്ലീഷ്), ലീട്രിം, ലോങ്ഫോർഡ്, മായോ, മോണാഗൻ, ഓഫാലി, റോസ്കോമൺ, സ്ലൈഗോ, ടിപ്പററി.
വരുമാന പരിധിയിൽ മാറ്റം
സിംഗിൾ അപേക്ഷകർക്ക് വലിയ ആശ്വാസം നൽകുന്ന രീതിയിലാണ് വരുമാന പരിധി പരിഷ്കരിച്ചത്.
-
സിംഗിൾ അപേക്ഷകർ: വാർഷിക വരുമാന പരിധി 70,000 യൂറോയിൽ നിന്ന് 80,000 യൂറോയായി ഉയർത്തി.
-
ജോയിന്റ് അപേക്ഷകർ: സംയുക്ത അപേക്ഷകരുടെ വരുമാന പരിധി നിലവിലെ 85,000 യൂറോയായി തുടരും.
പലിശ നിരക്കുകൾ
ലോക്കൽ അതോറിറ്റി ഭവന വായ്പകൾ ആകർഷകമായ സ്ഥിര പലിശ നിരക്കിലാണ് ലഭ്യമാക്കുന്നത്:
-
25 വർഷം വരെ: 4% ഫിക്സഡ് പലിശ നിരക്ക് (APR 4.07%).
-
30 വർഷം വരെ: 4.05% ഫിക്സഡ് പലിശ നിരക്ക് (APR 4.13%).
2018 ഫെബ്രുവരി മുതൽ ഇതുവരെ 4,300-ലധികം ആളുകൾ ലോക്കൽ അതോറിറ്റി ലോണുകൾ വഴി സ്വന്തമായി വീട് വാങ്ങിയതായി മന്ത്രി ജെയിംസ് ബ്രൗൺ വ്യക്തമാക്കി.