സൈപ്രസിൽ മകൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് പിതാവിനെതിരെ നിയമനടപടി; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ!
പാഫോസ്: സൈപ്രസിൽ അവധിക്കാലം ആഘോഷിക്കവേ നാലാം നിലയിലെ ജനലിൽ നിന്ന് വീണ് രണ്ടര വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് പിതാവ് കോടതിയിൽ ഹാജരായി. അശ്രദ്ധമൂലം മരണം സംഭവിച്ചുവെന്നാരോപിച്ച് സൈപ്രിയറ്റ് അധികാരികൾ ചുമത്തിയ കുറ്റാരോപണത്തെയാണ് ബാങ്ക് ഉദ്യോഗസ്ഥനായ 37 കാരനായ പിതാവ് നേരിടുന്നത്. മാനുഷിക പരിഗണന നൽകി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ അപ്പീൽ അറ്റോർണി ജനറൽ തള്ളിയതിനെ തുടർന്നാണ് നടപടികൾ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ജൂലൈയിൽ പാഫോസിന് സമീപമുള്ള റിസോർട്ടിലായിരുന്നു ദാരുണമായ അപകടം നടന്നത്. ലിഫ്റ്റിലേക്ക് പോകുന്ന വഴിയിലുള്ള ജനലരികിൽ കുട്ടിയെ വെച്ചുവെന്നും, ജനൽ തുറന്നുകിടക്കുകയായിരുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് പിതാവ് പറയുന്നത്. കുട്ടി പിന്നിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നാല് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം സമ്മതിക്കണോ അതോ വിചാരണ നേരിടണോ എന്ന വലിയ പ്രതിസന്ധിയിലാണ് ഈ പിതാവ് ഇപ്പോൾ.
മകന്റെ വിയോഗത്തിൽ ദുഃഖത്തിലാണ്ട കുടുംബത്തിന് മേൽ ഇത്തരം കടുത്ത നിയമനടപടികൾ അടിച്ചേൽപ്പിക്കുന്നത് പൊതുതാൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. ഹോട്ടലിലെ ജനലുകളിൽ സുരക്ഷാ ഗ്രില്ലുകളോ ബാറുകളോ ഇല്ലാതിരുന്നതിനെക്കുറിച്ചോ കെട്ടിട നിർമ്മാണത്തിലെ വീഴ്ചകളെക്കുറിച്ചോ അന്വേഷിക്കാതെ പിതാവിനെ മാത്രം പ്രതിയാക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. സൈപ്രസിലെ പഴഞ്ചൻ നിയമവ്യവസ്ഥയുടെ പോരായ്മകളാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്നും ആക്ഷേപമുണ്ട്.
വിഷയത്തിൽ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിലെ ഇത്തരം കർശന നടപടികൾ വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്പ്പെടുന്നു. മാസങ്ങൾ നീണ്ടുനിൽക്കാവുന്ന വിചാരണ നടപടികളിലേക്ക് കടക്കുന്നതോടെ ഈ കുടുംബത്തിന്റെ ദുരിതം ഇരട്ടിക്കുകയാണ്.