Sathyian Nedumancherriyil

Subject : സൈനികരുടെ ഫോണുകളിലെ ലൊക്കേഷൻ ട്രാക്കറുകൾ വിച്ഛേദിച്ച് യുഎസ് സേന; നീക്കം സുരക്ഷാ ഭീഷണിയെ തുടർന്ന്.

സൈനികരുടെ ഫോണുകളിലെ ലൊക്കേഷൻ ട്രാക്കറുകൾ വിച്ഛേദിച്ച് യുഎസ് സേന; നീക്കം സുരക്ഷാ ഭീഷണിയെ തുടർന്ന്.

വാഷിംഗ്ടൺ: മധ്യപൂർവേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികരുടെ ലൊക്കേഷൻ വിവരങ്ങൾ പരസ്യ ട്രാക്കിംഗ് വിവരങ്ങൾ വഴി ചോരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, സൈനിക ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും അഡ്വർടൈസിംഗ് ട്രാക്കറുകൾ വിച്ഛേദിച്ചതായി യുഎസ് സൈനിക അധികൃതർ വ്യക്തമാക്കി. ഡെമോക്രാറ്റിക് സെനറ്റർ റോൺ വൈഡൻ പുറത്തുവിട്ട കത്തുകളിലൂടെയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിലൂടെയുമാണ് സൈന്യം ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്.

പരസ്യ ഏജൻസികളും ഡാറ്റാ ബ്രോക്കർമാരും ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തിഗത ലൊക്കേഷൻ വിവരങ്ങൾ ശത്രുക്കൾക്ക് സൈനികരെ ലക്ഷ്യമിടാൻ സഹായകമാകുന്നുവെന്നത് ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണിയായാണ് യുഎസ് കാണുന്നത്. സ്മാർട്ട്ഫോണുകളിൽ നിന്നുള്ള ‘മൊബൈൽ അഡ്വർടൈസിംഗ് ഐഡി’ (MAID) ഉപയോഗിച്ച് വ്യക്തികളുടെ ദൈനംദിന സഞ്ചാരപഥങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കും.

ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിൽ 2026 ഫെബ്രുവരി മുതലാണ് ഈ ഫീച്ചറുകൾ നിർബന്ധമായും ഡിഫോൾട്ടായി ഡിസേബിൾ ചെയ്തു തുടങ്ങിയതെന്ന് സൈന്യം വ്യക്തമാക്കി. നേരത്തെ 2021 മുതൽ തന്നെ വിൻഡോസ് കമ്പ്യൂട്ടറുകളിൽ ഇത്തരത്തിലുള്ള പരസ്യ ഐഡന്റികൾ ബ്ലോക്ക് ചെയ്തിരുന്നതായും അവർ കൂട്ടിച്ചേർത്തു. അതേസമയം, വിവരച്ചോർച്ച തടയാൻ സൈന്യം കൈക്കൊണ്ട നടപടികൾ പൂർണ്ണമായും ഫലപ്രദമായിട്ടില്ലെന്നും, അമേരിക്കൻ സൈനികരെ ട്രാക്ക് ചെയ്യാനുള്ള വിവരങ്ങൾ പണം നൽകി വാങ്ങാൻ ശത്രുക്കൾക്ക് അവസരമുണ്ടാകരുതെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പെന്റഗൺ വിശദമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

യുദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന സൈനികരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സൈനിക നേതൃത്വം ആലോചിക്കുന്നതിനിടെയാണ് പുതിയ നീക്കം. മധ്യപൂർവേഷ്യയിൽ വിന്യസിച്ചിട്ടുള്ള സൈനികർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ഇറാൻ യുഎസ് ക്യാമ്പുകളെ ലക്ഷ്യമിടുന്നുവെന്ന ആശങ്ക ഉയർന്നിരുന്നു.