സെപ്തംബറോടെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ സീറ്റ്; ഉറപ്പുമായി അയർലണ്ട് വിദ്യാഭ്യാസ മന്ത്രി.
ഡബ്ലിന്‍ : അയർലണ്ടിലെ എല്ലാ വിദ്യാർത്ഥികൾക്കും വരാനിരിക്കുന്ന സെപ്റ്റംബറോടെ സ്കൂൾ പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ സീറ്റുകൾക്കായി വിദ്യാർത്ഥികൾ ക്ലേശിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ നിലവിൽ സജീവമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി.
സ്പെഷ്യൽ നീഡ്സ് വിഭാഗത്തിലുള്ള കുട്ടികൾക്കായി സ്കൂളുകളിൽ നിലവിലുള്ള ‘ഇൻക്ലൂസീവ് സ്പെഷ്യൽ ക്ലാസുകളെ’ ഔദ്യോഗികമായി ക്രമീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഒരു അധ്യാപകനും രണ്ട് സ്പെഷ്യൽ നീഡ്സ് അസിസ്റ്റന്റുമാരും ആറ് വിദ്യാർത്ഥികളുമടങ്ങുന്നതാണ് ഈ ക്ലാസുകളുടെ ഘടന. സ്കൂളുകളിൽ സ്വാഭാവികമായി രൂപപ്പെട്ടുവന്ന ഈ മാതൃകയെ മാനേജീരിയൽ ബോഡികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം സ്കൂളുകൾക്ക് അധികമായി ഒരു അധ്യാപകനെയും രണ്ട് എസ്.എൻ.എകളെയും കൂടാതെ 30,000 യൂറോയുടെ സ്റ്റാർട്ട്-അപ്പ് ഗ്രാന്റും ലഭിക്കും. അധ്യാപക സംഘടനകളുടെ ആശങ്കകൾ പരിഗണിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ അഡ്വക്കസി ഗ്രൂപ്പുകളുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.