സിലിക്കൺ വാലി കമ്പനികൾ ‘മാഗ’ (MAGA) രാഷ്ട്രീയത്തിലേക്ക് ചായുന്നു: നിക്ക് ക്ലെഗ്ഗ്.
വാഷിംഗ്ടൺ : മെറ്റ (Meta) ഉൾപ്പെടെയുള്ള മുൻനിര ഐടി കമ്പനികൾ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഡൊണാൾഡ് ട്രംപിന്റെ ‘മാഗ’ (MAGA) രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയാണെന്ന് യുകെ മുൻ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ്. ഒരു പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം, 2025 മാർച്ചിലാണ് അദ്ദേഹം മെറ്റയിലെ ഉയർന്ന പദവി ഒഴിഞ്ഞത്. മുൻപ് രാഷ്ട്രീയം ഒഴിവാക്കിയിരുന്ന കമ്പനി മേധാവികൾ ഇപ്പോൾ തീവ്ര വലതുപക്ഷ ചിന്താഗതികളിലേക്ക് മാറിയെന്നും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മനുഷ്യകേന്ദ്രീകൃതമെന്നതിനേക്കാൾ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള കൃത്രിമ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം നൽകുന്നതായും അദ്ദേഹം വിമർശിച്ചു.
അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ ‘പാലാന്റിറുമായി’ (Palantir) യുകെ സർക്കാർ ഏർപ്പെട്ടിരിക്കുന്ന കരാറിനെക്കുറിച്ചും നിക്ക് ക്ലെഗ്ഗ് ആശങ്ക പ്രകടിപ്പിച്ചു. ഉപഭോക്താക്കളെ തങ്ങളിലേക്ക് മാത്രം ഒതുക്കി നിർത്തുന്ന പാലാന്റിറിന്റെ പ്രവർത്തനരീതി ദോഷകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുകെയുടെ പൊതുമേഖലയിൽ ഇത്തരം വൻകിട കമ്പനികളുടെ സ്വാധീനം വർദ്ധിച്ചുവരുന്നതിൽ പാർലമെന്റ് സമിതിയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പാലാന്റിർ മേധാവികളെ വില്ലന്മാരോടാണ് ഉപമിച്ചത്.
തങ്ങളുടെ സോഫ്റ്റ്വെയർ കാരണം യുകെയിലെ ആരോഗ്യ മേഖലയിൽ (NHS) വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പാലാന്റിർ വക്താവ് അവകാശപ്പെട്ടു. ലക്ഷക്കണക്കിന് സർജറികൾ വേഗത്തിലാക്കാനും രോഗനിർണ്ണയം സുഗമമാക്കാനും തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി വാദിച്ചു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വളർച്ചയോടെ പാലാന്റിറിന് വിപണിയിൽ ശക്തരായ പുതിയ എതിരാളികൾ ഉണ്ടാകുമെന്നാണ് ക്ലെഗ്ഗിന്റെ വിലയിരുത്തൽ. .
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെത്തുടർന്ന് 2018-ലാണ് നിക്ക് ക്ലെഗ്ഗ് മെറ്റയിൽ ചേരുന്നത്. എന്നാൽ മെറ്റയിലെ മുൻ പബ്ലിക് പോളിസി ഡയറക്ടർ സാറാ വിൻ-വില്യംസ് എഴുതിയ ‘കെയർലെസ് പീപ്പിൾ’ എന്ന പുസ്തകം കമ്പനിക്കുള്ളിലെ ഗുരുതരമായ വീഴ്ചകളെ തുറന്നുകാട്ടുന്നതായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്നുള്ള സെൻസർഷിപ്പും ലൈംഗിക അതിക്രമ ആരോപണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഈ വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യുന്നതിൽ നിന്ന് മെറ്റ നിയമപരമായി സാറയെ വിലക്കിയിരിക്കുകയാണ്. എന്നാൽ ഈ ആരോപണങ്ങൾ പഴയതും അടിസ്ഥാനരഹിതവുമാണെന്നാണ് മെറ്റയുടെ നിലപാട്.