Sathyian Nedumancherriyil

Subject : വിൻഡ്രഷ് അഴിമതി: പദ്ധതി മാറ്റാൻ യുകെ സർക്കാരിന് മേൽ സമ്മർദ്ദം

വിൻഡ്രഷ് അഴിമതി: പദ്ധതി മാറ്റാൻ യുകെ സർക്കാരിന് മേൽ സമ്മർദ്ദം

ലണ്ടൻ  : വിൻഡ്രഷ് നഷ്ടപരിഹാര പദ്ധതി (Windrush compensation scheme) ആഭ്യന്തര മന്ത്രാലയത്തിന്റെ (Home Office) നിയന്ത്രണത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എഴുപതോളം പ്രമുഖർ ഒപ്പിട്ട തുറന്ന കത്ത് യുകെ പ്രധാനമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും സമർപ്പിച്ചു. പതിറ്റാണ്ടുകളായി ബ്രിട്ടനിൽ ജീവിക്കുന്ന ഏഷ്യൻ-ബ്ലാക്ക് വംശജരെ തെറ്റായ രീതിയിൽ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുകയും അവരുടെ പൗരത്വ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത ‘വിൻഡ്രഷ് അഴിമതിക്ക്’ ഇരയായവർക്ക് നീതി ലഭ്യമാക്കാനാണ് ‘വിൻഡ്രഷ് ജസ്റ്റിസ് കമ്മ്യൂണിറ്റി കളക്ടീവ്’ (WJCC) ഈ ആവശ്യവുമായി രംഗത്തെത്തിയത്. പദ്ധതി ഒരു ജഡ്ജിയുടെയോ കമ്മീഷണറുടെയോ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതിക്ക് കൈമാറണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

തങ്ങൾക്ക് നേരെ അതിക്രമം കാണിച്ച അതേ ആഭ്യന്തര മന്ത്രാലയം തന്നെ നഷ്ടപരിഹാര ചുമതല വഹിക്കുന്നത് നീതിയല്ലെന്ന് കളക്ടീവ് ചൂണ്ടിക്കാണിക്കുന്നു. ഹിൽസ്ബറോ, ഗ്രെൻഫെൽ ദുരന്തങ്ങളിലെ ഇരകളുടെ കുടുംബങ്ങളും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിൻഡ്രഷ് ഇരകൾക്ക് സൗജന്യ നിയമസഹായം നിഷേധിച്ചതുമൂലം അപേക്ഷിച്ചവരിൽ പകുതിയിലധികം പേർക്കും ഇതുവരെ യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. നീതിക്കായുള്ള കാത്തിരിപ്പിനിടയിൽ ഇതിനകം അറുപതിലധികം പേർ മരണപ്പെട്ടതായും കത്തിൽ വ്യക്തമാക്കുന്നു.

യുകെയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനകൾ, എഴുത്തുകാർ, കലാകാരന്മാർ, ജനപ്രതിനിധികൾ എന്നിവർ ഒപ്പിട്ട ഈ കത്തിൽ ഇരകൾക്ക് സൗജന്യ നിയമസഹായം നൽകണമെന്നും ഔദ്യോഗിക പൊതുഅന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നിയമസഹായം ലഭിച്ച ചിലരുടെ നഷ്ടപരിഹാരത്തുക പൂജ്യത്തിൽ നിന്നും ലക്ഷക്കണക്കിന് പൗണ്ടുകളായി ഉയർന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മറ്റ് സർക്കാർ നഷ്ടപരിഹാര പദ്ധതികൾക്ക് സമാനമായി വിൻഡ്രഷ് ഇരകൾക്കും സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സ്വതന്ത്ര വിൻഡ്രഷ് കമ്മീഷണർ ക്ലൈവ് ഫോസ്റ്ററും എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.

ലണ്ടനിലെ ബ്രിക്സ്റ്റണിൽ നടന്ന ഡബ്ല്യു.ജെ.സി.സി (WJCC) സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും വിൻഡ്രഷ് ദുരന്തത്തെ അതിജീവിച്ചവരും പങ്കെടുകയും, പദ്ധതിയിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്താൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, വിൻഡ്രഷ് അഴിമതി മൂലം ജനങ്ങൾക്കുണ്ടായ ഭയങ്കരമായ അനീതികൾ പരിഹരിക്കാൻ ആഭ്യന്തര സെക്രട്ടറി പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.