വിരലറ്റത്തെ പരിശോധനയിലൂടെ ഹൃദയാഘാതം തടയാം; ഇംഗ്ലണ്ടിൽ സൗജന്യ കൊളസ്ട്രോൾ പരിശോധനയുമായി എൻഎച്ച്എസ്.
ലണ്ടൻ: ഹൃദയാഘാതവും മസ്തിഷ്കാഘാതവും (സ്ട്രോക്ക്) മൂലമുള്ള മരണങ്ങൾ അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ കാൽഭാഗത്തോളം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് (NHS) പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രദേശത്തെ ഫാർമസികൾ വഴി ഏഴ് മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്ന സൗജന്യ കൊളസ്ട്രോൾ രക്തപരിശോധനകളാണ് നടപ്പിലാക്കുന്നത്. 40 നും 84 നും ഇടയിൽ പ്രായമുള്ള, കഴിഞ്ഞ ഒരു വർഷത്തിനിടെ പരിശോധന നടത്താത്ത ഏത് വ്യക്തിക്കും അടുത്തുള്ള ഫാർമസിയിലെത്തി സൗജന്യമായി ഈ പരിശോധന നടത്താം.
വിരലിന്റെ അറ്റത്തുനിന്ന് ചെറിയ രീതിയിൽ രക്തമെടുത്ത് ഉടനടി പരിശോധിച്ച് ഫലം കൈമാറുന്നതാണ് ഈ സാങ്കേതികവിദ്യ. രക്തപരിശോധനാ ഫലത്തിന്റെ പകർപ്പ് പരിശോധനാർത്ഥിക്ക് ഇമെയിലായി ലഭിക്കും. തുടർന്ന് ആവശ്യമെങ്കിൽ ജീവിതശൈലി നിർദ്ദേശങ്ങളും സ്റ്റാറ്റിൻ (Statins) അടക്കമുള്ള മരുന്നുകളും ഫാർമസിസ്റ്റുകൾക്ക് തന്നെ നിർദ്ദേശിക്കാനാകും. ഇതിനോടൊപ്പം രക്തസമ്മർദ്ദ പരിശോധനയും സൗജന്യമായി ലഭ്യമാകും.
മ്യൂണിക്കിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിലാണ് ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ഈ ശരത്കാലത്തോടെ ഇംഗ്ലണ്ടിലുടനീളമുള്ള നൂറോളം എൻഎച്ച്എസ് ഫാർമസികളിൽ സൗജന്യ പരിശോധന ലഭ്യമാകും. വരും വർഷങ്ങളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം.
ഹൃദ്രോഗ സാധ്യതയുള്ള ഘടകങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നത് വഴി ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. മുൻപ് ലണ്ടനിൽ നടത്തിയ പരീക്ഷണാത്മക പദ്ധതിയിൽ പരിശോധനയ്ക്ക് വിധേയരായവരിൽ 19 ശതമാനം ആളുകൾക്കും ഉയർന്ന ഹൃദ്രോഗ സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കാൻ ഈ നീക്കം ഏറെ സഹായകമാകും.