Sathyian Nedumancherriyil

Subject : വിദേശ ഫണ്ട് വിവാദത്തിൽ വൻ ന്യായീകരണം: “ഞാനൊന്നും കേട്ടില്ല, ശ്രദ്ധിച്ചതുമില്ല!” എന്ന് നൈജൽ ഫെറാജ്.

വിദേശ ഫണ്ട് വിവാദത്തിൽ വൻ ന്യായീകരണം: “ഞാനൊന്നും കേട്ടില്ല, ശ്രദ്ധിച്ചതുമില്ല!” എന്ന് നൈജൽ ഫെറാജ്.

ബർമിംഗ്ഹാം: വിദേശ രാജ്യങ്ങളിൽ നിന്ന് നിയമവിരുദ്ധമായി പാർട്ടി ഫണ്ട് കൈപ്പറ്റാൻ പദ്ധതിയിട്ടെന്ന ഗുരുതര ആരോപണത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് റിഫോം യുകെ നേതാവ് നൈജൽ ഫെറാജ്. വിദേശത്ത് നിന്നുള്ള പണം വഴിതിരിച്ചുവിടുന്നതിനെക്കുറിച്ച് സഹപ്രവർത്തകർ സംസാരിച്ച യോഗത്തിൽ താൻ പങ്കെടുത്തിരുന്നുവെങ്കിലും “സംസാരം ഒന്നും ശ്രദ്ധിച്ചിരുന്നില്ല” എന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയർത്തുന്നത്. തനിക്കോ പാർട്ടിക്കോ എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബർമിംഗ്ഹാമിൽ നടന്ന പാർട്ടി സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ് ഫെറാജ് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. ചാനൽ 4 നടത്തിയ രഹസ്യ അന്വേഷണത്തിൽ വിദേശ പണം സ്വീകരിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫെറാജിന്റെ അടുത്ത അനുയായികളായ ഡാൻ ജ്യൂക്സിനെയും ജെയിംസ് ഓറിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിദേശ ധനസഹായം സംബന്ധിച്ച് ഫെറാജിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ വിവരങ്ങളും ഇപ്പോൾ പോലീസിന്റെ പരിഗണനയിലാണ്.

സംഭവം നടക്കുമ്പോൾ താൻ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായിരുന്നുവെന്നും, പണം യുകെയിലെ ഒരു ഫാമിലി ഓഫീസ് വഴിയാണ് വരുന്നതെന്നാണ് കരുതിയതെന്നും ഫെറാജ് പ്രതികരിച്ചു. അതിനിടെ, റിഫോം യുകെ നേതാക്കൾ തിരഞ്ഞെടുപ്പ് ഫണ്ട് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് മെട്രോപൊളിറ്റൻ പോലീസ് അന്വേഷിച്ച് വരികയാണ്.

പാർട്ടി കോൺഫറൻസിനിടെ ഫെറാജിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരിയായ യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിരന്തരമായ അന്വേഷണങ്ങളും ആരോപണങ്ങളും കാരണം രാഷ്ട്രീയം ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഫെറാജ് വെളിപ്പെടുത്തിയെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.