Sathyian Nedumancherriyil

Subject : വടക്കേ അയർലൻഡിലെ നൂറുകണക്കിന് സ്കൂളുകളിൽ ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്.

വടക്കേ അയർലൻഡിലെ നൂറുകണക്കിന് സ്കൂളുകളിൽ ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്.

ബെൽഫാസ്റ്റ്: വടക്കേ അയർലൻഡിലെ നൂറുകണക്കിന് സ്കൂളുകളിൽ സ്ഫോടകവസ്തു വെച്ചിട്ടുണ്ടെന്ന തരത്തിൽ ലഭിച്ച ഇമെയിൽ സന്ദേശം വ്യാജമാണെന്ന് (Hoax) സ്ഥിരീകരിച്ച് പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് (PSNI). ബ്രിട്ടന് പുറത്തുനിന്നാണ് ഈ സന്ദേശം അയച്ചിരിക്കുന്നതെന്നും നിലവിൽ പൊതുജനങ്ങൾക്ക് കാര്യമായ അപകടസാധ്യതയില്ലെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റയാൻ ഹെൻഡേഴ്സൺ വ്യക്തമാക്കി.

ഭീഷണിയെത്തുടർന്ന് ചില സ്കൂളുകൾ അവധി പ്രഖ്യാപിക്കുകയും കുട്ടികളെ വീടുകളിലേക്ക് അയക്കുകയും ചെയ്തപ്പോൾ, മറ്റ് ചില സ്കൂളുകൾ പോലീസിന്റെ നിർദ്ദേശപ്രകാരം പ്രവർത്തനം തുടർന്നു. യുകെയുടെ മറ്റ് ഭാഗങ്ങളിലെ ചില സ്കൂളുകളിലേക്കും സമാനമായ ഇമെയിലുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്കോട്ട്ലൻഡ് പോലീസും അറിയിച്ചു. ഇതുവരെ നടത്തിയ പരിശോധനകളിൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് പി.എസ്.എൻ.ഐ വ്യക്തമാക്കി.

സംഭവം വിദ്യാർത്ഥികളിലും മാതാപിതാക്കളിലും വലിയ ആശങ്കയും ഭയവും സൃഷ്ടിച്ചതായി വിദ്യാഭ്യാസ മന്ത്രി പോൾ ഗിവൻ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളെ അദ്ദേഹം ശക്തമായി അപലപിച്ചു. സ്കൂളുകൾക്ക് ആവശ്യമായ പിന്തുണയും സുരക്ഷാ മുൻകരുതലുകളും നൽകാൻ വിദ്യാഭ്യാസ വകുപ്പും പോലീസും സംയുക്തമായി പ്രവർത്തിച്ചുവരികയാണ്.