ലണ്ടനിൽ വാടക വീട് തട്ടിപ്പ്; 30-ലധികം ആളുകളിൽ നിന്ന് പണം തട്ടിയ യുവാവിന് ജയിൽ ശിക്ഷ.
ലണ്ടൻ : ഫേസ്ബുക്ക് വഴി വ്യാജ വാടക വീട് പരസ്യം നൽകി 30-ലധികം ആളുകളിൽ നിന്നായി 77,000 പൗണ്ടിലധികം തട്ടിയെടുത്ത കേസിൽ 34-കാരനായ ഫ്രെഡറിക് പ്രീസ്റ്റ്ലിയെ ജയിലിലടച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ലണ്ടനിലെ സൗത്ത്‌വർക്കിൽ സ്വന്തമല്ലാത്ത ഒരു വീട് വാടകയ്ക്ക് നൽകാനുണ്ടെന്ന് കാണിച്ച് ഇയാൾ പരസ്യം നൽകുകയും, വാടകക്കാരെ കബളിപ്പിച്ച് വ്യാജ കരാറുകളുണ്ടാക്കി മുൻകൂർ തുക കൈക്കലാക്കുകയുമായിരുന്നു.
ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഫ്രെഡറിക് പ്രീസ്റ്റ്ലിക്ക് രണ്ട് വർഷവും 11 മാസവും തടവ് ശിക്ഷ വിധിച്ചു. വാടകക്കാരിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം, കുടുംബത്തിൽ മരണം സംഭവിച്ചു തുടങ്ങിയ വ്യാജ കാരണങ്ങൾ നിരത്തി ഇയാൾ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു പതിവ്. സെപ്റ്റംബറിൽ ആക്ഷൻ ഫ്രോഡ് വഴി ഇയാൾക്കെതിരെ 34 പരാതികളാണ് പോലീസിന് ലഭിച്ചത്.
ഇരകളിൽ നിന്ന് മൊത്തം 77,400 പൗണ്ട് ഇയാൾ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഡെപ്പോസിറ്റായും ഫീസായും ഒരാളിൽ നിന്ന് 800 മുതൽ 2,000 പൗണ്ട് വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്. ഇരകളുടെ മൊഴികൾക്കൊപ്പം പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച വിവരങ്ങളും കേസിൽ നിർണ്ണായക തെളിവുകളായി മാറി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ് മുന്നറിയിപ്പ് നൽകി. വഞ്ചന നടത്തിയതിന് 2025 ഒക്ടോബറിൽ അറസ്റ്റിലായ പ്രതി, 2026 ഏപ്രിലിൽ ക്രൊയ്ഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.