Sathyian Nedumancherriyil

Subject : യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ റെസിഡൻസി അവകാശം റദ്ദാക്കുന്നു: യുകെ ഹോം ഓഫീസിനെതിരെ നിയമനടപടി.

യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ റെസിഡൻസി അവകാശം റദ്ദാക്കുന്നു: യുകെ ഹോം ഓഫീസിനെതിരെ നിയമനടപടി.

ലണ്ടൻ: ബ്രെക്‌സിറ്റിന് മുൻപ് യുകെയിലെത്തിയ യൂറോപ്യൻ യൂണിയൻ (EU) പൗരന്മാർക്ക് നൽകിയ സ്ഥിരതാമസ അവകാശം (Residency Rights) തെറ്റായാണ് നൽകിയതെന്ന് കാട്ടി തിരികെ എടുക്കാനുള്ള ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ (Home Office) നീക്കത്തിനെതിരെ നിയമനടപടി. ‘തെറ്റായി നൽകിയ പദവി’ എന്ന് ചൂണ്ടിക്കാട്ടി ഇതുവരെ 1,473 ഇയു പൗരന്മാർക്ക് ഹോം ഓഫീസ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഈ വിവാദ നയത്തിനെതിരെ ‘ദ 3 മില്യൺ’ (the3million) എന്ന അവകാശ സംരക്ഷണ സംഘടന ജുഡീഷ്യൽ റിവ്യൂവിന് ഒരുങ്ങുകയാണ്.

ആദ്യ അപേക്ഷ നൽകിയ സമയത്ത് പാസ്‌പോർട്ട് സമർപ്പിച്ചില്ല എന്ന കാരണം പറഞ്ഞാണ് പലർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ഇരട്ട പൗരത്വമുള്ള ഇറ്റാലിയൻ പൗരന്മാർ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ ഇതോടെ പ്രതിസന്ധിയിലായി. വർഷങ്ങളായി യുകെയിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് (NHS) ജീവനക്കാരും ഗവേഷകരും എഞ്ചിനീയർമാരും അടക്കമുള്ളവരുടെ തൊഴിൽ, വാടക വീട്, കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അവകാശം എന്നിവ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുൻപ് ശരിയായി നൽകിയ പദവികൾ റദ്ദാക്കുന്നത് ബ്രെക്‌സിറ്റ് പിന്മാറ്റ കരാറിന്റെ (Withdrawal Agreement) ലംഘനമാണെന്ന് സംഘടനകൾ ആരോപിക്കുന്നു.

എന്നാൽ, സാങ്കേതിക പിഴവുകൾ മൂലം പദവി ലഭിച്ചവർക്ക് ഇതിനെതിരെ തെളിവുകൾ സമർപ്പിക്കാനോ അല്ലെങ്കിൽ ഇയു സെറ്റിൽമെന്റ് സ്കീം (EUSS) വഴി വീണ്ടും അപേക്ഷിക്കാനോ അവസരമുണ്ടെന്നാണ് ഹോം ഓഫീസിന്റെ നിലപാട്. അടുത്തിടെ ഒരു കേസിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ ഹോം ഓഫീസിന് തിരിച്ചടി നേരിടുകയും തങ്ങളുടെ തീരുമാനം പിൻവലിക്കാൻ നിർബന്ധിതരാകുകയും ചെയ്തിരുന്നു. ഈ വിധി കൂടുതൽ ആളുകൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, തങ്ങളുടെ കേസ് വ്യക്തിഗതമായി പരിഹരിക്കാൻ വലിയ തുക കോടതിച്ചെലവ് വരുന്നത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

നിലവിൽ അപ്പീൽ നൽകിയ പലർക്കും തങ്ങളുടെ അവകാശങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നിയമപോരാട്ടത്തിലൂടെ എല്ലാവർക്കും അനുകൂലമായ ഒരു പൊതുതീർപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബാധിക്കപ്പെട്ടവർ. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം പൂർണ്ണമായി തെറ്റ് സമ്മതിക്കാത്തതിനാൽ വലിയ തുക ചെലവഴിച്ച് കേസ് തുടരേണ്ടി വരുമോ എന്ന ഭീതിയിലാണ് ഇയു പൗരന്മാർ.