യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം: പുടിനുമായി അപൂർവ്വ ഫോൺ സംഭാഷണം നടത്തി ഫിൻലൻഡ്, നോർവേ നേതാക്കൾ.
ഹെൽസിങ്കി: യുക്രൈൻ യുദ്ധത്തിന് നയതന്ത്ര പരിഹാരം കാണുന്നതിനും യൂറോപ്പിലെ സുരക്ഷ മുന്നിൽ നിർത്തിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അപൂർവ്വ ഫോൺ സംഭാഷണം നടത്തി ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും നോർവേ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറെയും. 2025 ജൂലൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ സംഭാഷണത്തിന് ശേഷം ആദ്യമായാണ് പ്രധാനപ്പെട്ട യൂറോപ്യൻ നേതാക്കൾ പുടിനുമായി നേരിട്ട് സംസാരിക്കുന്നത്.
ഹെൽസിങ്കിയിൽ നിന്ന് നടന്ന 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ യുക്രൈനിലെ നിലവിലെ സ്ഥിതിഗതികളും അബുദാബിയിൽ നടക്കാനിരിക്കുന്ന ഭാവി സമാധാന ചർച്ചകളും വിഷയമായി. ഇരു രാജ്യങ്ങളും തങ്ങളുടെ സ്വന്തം നിലയ്ക്കാണ് പുടിനുമായി സംസാരിച്ചതെന്നും യൂറോപ്യൻ യൂണിയന്റെ വക്താക്കളായല്ല ഇടപെട്ടതെന്നും നേതാക്കൾ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകത സംഭാഷണത്തിൽ നേതാക്കൾ ഊന്നിപ്പറഞ്ഞു.
റഷ്യയുടെ താൽപ്പര്യങ്ങൾ പരിഗണിച്ചാൽ മാത്രമേ നീതിപൂർവ്വവും ശാശ്വതവുമായ സമാധാനം സാധ്യമാകൂ എന്ന് വ്ളാഡിമിർ പുടിൻ നേതാക്കളോട് വ്യക്തമാക്കി. അതേസമയം, നാറ്റോയുടെയും ഇയുവിന്റെയും നയങ്ങളാണ് യുദ്ധം നീണ്ടുപോകാൻ കാരണമെന്ന ആരോപണം പുടിൻ ആവർത്തിച്ചു.
ഫോൺ സംഭാഷണത്തിന് ശേഷം ഫിന്നിഷ്, നോർവീജിയൻ നേതാക്കൾ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്തി വിവരങ്ങൾ പങ്കുവെച്ചു. സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിൽ സെലെൻസ്കി ഇരു നേതാക്കൾക്കും നന്ദി അറിയിച്ചു. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി കൂടിയാലോചിക്കാതെ നടത്തിയ ഈ നീക്കത്തിൽ ഡെന്മാർക്ക് ഉൾപ്പെടെയുള്ള ചില പങ്കാളിത്ത രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു.