Sathyian Nedumancherriyil

Subject : യുകെയുടെ ക്ലീൻ പവർ ലക്ഷ്യങ്ങൾക്ക് വൻ കുതിപ്പ്; 700-ലധികം ഹരിത ഊർജ്ജ പദ്ധതികൾക്ക് ഗ്രിഡ് കണക്ഷൻ അനുമതി.

യുകെയുടെ ക്ലീൻ പവർ ലക്ഷ്യങ്ങൾക്ക് വൻ കുതിപ്പ്; 700-ലധികം ഹരിത ഊർജ്ജ പദ്ധതികൾക്ക് ഗ്രിഡ് കണക്ഷൻ അനുമതി.

ലണ്ടൻ : ബ്രിട്ടനിലെ പുനരുപയോഗ ഊർജ്ജ മേഖല നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമായതായി നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (Neso) വ്യക്തമാക്കുന്നു. 2030-ഓടെ രാജ്യത്ത് ഹരിത ഊർജ്ജം പൂർണ്ണമായി നടപ്പിലാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾക്കായി ആവശ്യമായ പദ്ധതികളിൽ പകുതിയിലധികത്തിനും ഇപ്പോൾ ഇലക്ട്രിസിറ്റി ഗ്രിഡിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള (Plug into the grid) അനുമതി ലഭിച്ചു

ദശകത്തിന്റെ അവസാനത്തോടെ ഉത്പാദനം ആരംഭിക്കേണ്ട 1,200 പദ്ധതികളുടെ 60 ശതമാനത്തോളമാണ് ഈ പുതിയ അനുമതി ലഭിച്ചവ. 2030-ഓടെ കാർബൺ രഹിത ഗ്രിഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലെ ലേബർ പാർട്ടി രണ്ട് വർഷം മുൻപ് അധികാരത്തിലേറിയത്. രാജ്യത്തെ ഓൺഷോർ വിൻഡ് (Onshore wind) ഇരട്ടിയാക്കാനും, സോളാർ ഊർജ്ജം മൂന്നിരട്ടിയാക്കാനും, ഓഫ്ഷോർ വിൻഡ് ശേഷി നാലിരട്ടിയാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ വൻ പദ്ധതി. എന്നാൽ, അപേക്ഷകളുടെ ആധിക്യവും ഗ്രിഡ് കണക്ഷൻ ലഭിക്കുന്നതിനുള്ള കടുത്ത കാലതാമസവും കാരണം ഈ ലക്ഷ്യം കൈവരിക്കാനാകുമോ എന്നതിൽ മുൻപ് വലിയ സംശയങ്ങൾ നിലനിന്നിരുന്നു.

2023-ന്റെ അവസാനത്തോടെ ആരംഭിച്ച രണ്ട് വർഷത്തെ ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷമാണ്, മുൻഗണനാ ക്രമത്തിൽ കിടന്നിരുന്ന നൂറുകണക്കിന് അനാവശ്യ പ്രോജക്ടുകളെ സിസ്റ്റം ഓപ്പറേറ്റർ ഒഴുവാക്കിയത്. ഇതിലൂടെ പെട്ടെന്ന് നിർമ്മാണം ആരംഭിക്കാൻ തയ്യാറായ (Shovel-ready) പദ്ധതികൾക്ക് വഴിതുറക്കുകയായിരുന്നു. കാറ്റ്, സൗരോർജ്ജം, ബാറ്ററി സ്റ്റോറേജ്, ഹൈഡ്രോ പ്രോജക്ടുകൾ എന്നിവയുൾപ്പെടെ ഉടനടി ആരംഭിക്കാൻ തയാറായ പദ്ധതികളിലൂടെ 37 ഗിഗാവാട്ട് പുതിയ വൈദ്യുതി ശേഷിയാണ് ലഭിക്കുക. ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ 100 ഗിഗാവാട്ടിന്റെ മൂന്നിലൊന്നാണിത്.

ഫോസിൽ ഇന്ധനങ്ങളുടെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഗ്രിഡ് നവീകരണം സഹായിക്കുമെന്ന് എനർജി മന്ത്രി മൈക്കൽ ഷാങ്ക്സ് പറഞ്ഞു. നെസോയുടെ (Neso) പുതിയ നിയമങ്ങൾ അനുസരിച്ച്, പ്ലാനിംഗ് പെർമിഷനും ഭൂമിയുടെ അവകാശവും ഉൾപ്പെടെയുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന പദ്ധതികൾക്ക് മാത്രമേ ഇനി ഗ്രിഡ് കണക്ഷൻ അനുവദിക്കൂ. യഥാർത്ഥത്തിൽ നടപ്പിലാക്കാൻ സാധ്യതയുള്ള പദ്ധതികൾക്ക് മാത്രം അനുമതി നൽകുന്ന ഈ പുതിയ പരിഷ്കാരങ്ങൾ മികച്ച ഫലം നൽകുന്നുണ്ടെന്ന് നെസോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കേറ്റ് ഒ നീൽ വ്യക്തമാക്കി.