യുകെയിൽ സ്റ്റേറ്റ് പെൻഷൻ തുക ഉയരുന്നു; നികുതി പരിധി മറികടക്കുന്ന പെൻഷൻകാർക്ക് നികുതി ഇളവ് നൽകുമെന്ന് സർക്കാർ.
ലണ്ടൻ: അടുത്ത വർഷം യുകെയിലെ സ്റ്റേറ്റ് പെൻഷൻ തുക 3.9 ശതമാനം ഉയരുമെന്ന് സൂചന ലഭിച്ചതോടെ, പെൻഷൻ ലഭിക്കുന്നവർ ഇൻകം ടാക്സ് (Income Tax) അടക്കേണ്ടി വരുമോ എന്ന ആശങ്കയ്ക്ക് വിരാമമിട്ട് ഡൗണിംഗ് സ്ട്രീറ്റ്. വേതന വളർച്ചാ നിരക്കുകൾ പുറത്തുവന്നതോടെ പ്രതിവർഷ പെൻഷൻ തുക 488 പൗണ്ട് വർധിച്ച് 13,000 പൗണ്ടിലധികമാകാനാണ് സാധ്യത. നിലവിലെ വ്യക്തിഗത നികുതി ഇളവ് പരിധിയായ (Personal Allowance) 12,570 പൗണ്ടിനേക്കാൾ കൂടുതലാണിത്.
സ്റ്റേറ്റ് പെൻഷൻ തുക ഉയർന്നാലും മറ്റ് വരുമാനമാർഗ്ഗങ്ങളില്ലാതെ സ്റ്റേറ്റ് പെൻഷൻ മാത്രം ലഭിക്കുന്ന മുതിർന്ന പൗരന്മാർ ഈ പാർലമെന്റിന്റെ കാലാവധി കഴിയുന്നത് വരെ ഇൻകം ടാക്സ് അടക്കേണ്ടി വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പെൻഷൻ തുക നികുതി ഇളവ് പരിധി നേരിയ തോതിൽ മറികടന്നാലും ചെറുകിട നികുതി അടവുകളുടെ ഭരണപരമായ ഭാരം ഇവരിൽ അടിച്ചേൽപ്പിക്കില്ലെന്നും വരാനിരിക്കുന്ന ബജറ്റിൽ ധനമന്ത്രി ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും നമ്പർ 10 വക്താവ് അറിയിച്ചു.
മറ്റ് സ്വകാര്യ പെൻഷനുകളോ വരുമാനങ്ങളോ ഉള്ളവർക്ക് ഈ ഇളവ് ബാധകമാകുമോ എന്ന കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. പെൻഷൻ തുകയിൽ ഉണ്ടാകുന്ന ഈ വർദ്ധനവ് രാജ്യത്തെ ദശലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.