Sathyian Nedumancherriyil

Subject : യുകെയിൽ വിദേശ പരിചരണ തൊഴിലാളികളുടെ സ്ഥിരതാമസ നയത്തിനെതിരെ ഏഞ്ചല റെയ്നർ; ഹോം ഓഫീസ് പരിഷ്കാരങ്ങൾ വൻ വിവാദത്തിലേക്ക്.

യുകെയിൽ വിദേശ പരിചരണ തൊഴിലാളികളുടെ സ്ഥിരതാമസ നയത്തിനെതിരെ ഏഞ്ചല റെയ്നർ; ഹോം ഓഫീസ് പരിഷ്കാരങ്ങൾ വൻ വിവാദത്തിലേക്ക്.

ലണ്ടൻ : യുകെയിൽ വിദേശ കേയർ വർക്കർമാർക്ക് സ്ഥിരതാമസം (Permanent Residence) ലഭിക്കുന്നത് കടുപ്പമാക്കുന്ന ഹോം ഓഫീസ് തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ഹൗസിംഗ് സെക്രട്ടറി ഏഞ്ചല റെയ്നർ വീണ്ടും രംഗത്ത്. സർക്കാരിന്റെ ഈ നീക്കം തികച്ചും “തടസ്സമുണ്ടാക്കുന്നതും” അന്യായവുമാണെന്ന് അവർ വിശേഷിപ്പിച്ചു. രാജ്യത്തെ ഏറ്റവും നിർണായകമായ പരിചരണ മേഖലയിൽ ജോലി ചെയ്യാൻ എത്തിയവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നയമാണിതെന്നും റെയ്നർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം, ഗ്രാജുവേറ്റ് തലത്തിന് താഴെയുള്ള കുറഞ്ഞ വേതനക്കാരായ കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 15 വർഷം യുകെയിൽ താമസിക്കേണ്ടി വരും. മുൻ പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ ഭരണകാലത്താണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനായി ഈ നയം കൊണ്ടുവന്നത്. എന്നാൽ, വിദേശത്തുനിന്ന് വന്ന് ഇവിടുത്തെ ജനങ്ങളെ സംരക്ഷിച്ചവർക്കായി പെട്ടെന്ന് നിയമങ്ങൾ മാറ്റുന്നത് അനീതിയാണെന്ന് മുൻ കേയർ വർക്കർ കൂടിയായ ഏഞ്ചല റെയ്നർ ചൂണ്ടിക്കാട്ടി.

പാർട്ടിക്ക് ഉള്ളിലും ഭരണതലത്തിലും ഈ വിഷയത്തിൽ വലിയ ഭിന്നത രൂക്ഷമായിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി ആന്റി ബേൺഹാം ഈ നിർദ്ദേശങ്ങളിൽ അതൃപ്തനാണെന്നാണ് സൂചന. നിലവിൽ യുകെയിലുള്ള തൊഴിലാളികൾക്ക് ഇതിൽനിന്ന് ഇളവ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. നൂറിലധികം ലേബർ എംപിമാരും വിവിധ ട്രേഡ് യൂണിയനുകളും ഈ പരിഷ്കാരത്തെ ശക്തമായി എതിർക്കുന്നുണ്ട്.

2022 നും 2024 നും ഇടയിൽ ഏകദേശം 1,80,000 വിദേശ കേയർ വർക്കർമാരാണ് യുകെയിൽ എത്തിയത്. നിലവിലെ നിയമപ്രകാരം 2027 ഓടെ ഇവർക്ക് സ്ഥിരതാമസത്തിന് അർഹത ലഭിക്കേണ്ടതാണ്. എന്നാൽ, പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകും. വിഷയം സംബന്ധിച്ച പൊതുജനഭിപ്രായ സ്വീകരണം പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.