യുകെയിൽ ഭക്ഷ്യപ്രതിസന്ധിക്ക് സാധ്യത: മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി കോൾഡ് ചെയിൻ ഫെഡറേഷൻ”
ലണ്ടൻ : യുകെയിലേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവിടുത്തെ മന്ത്രിമാർ നിസ്സംഗത പുലർത്തുന്നതായി ആക്ഷേപം. ഇന്ധനക്ഷാമം, സൈബർ ആക്രമണങ്ങൾ, കടുത്ത കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം രാജ്യത്തെ ഭക്ഷ്യസുരക്ഷ കടുത്ത ഭീഷണിയിലാണ്. താപനില നിയന്ത്രിക്കേണ്ട ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യുന്ന ബിസിനസ്സ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ‘കോൾഡ് ചെയിൻ ഫെഡറേഷൻ’ (CCF), ഈ വിഷയം അടിയന്തിര ദേശീയ മുൻഗണനയായി പരിഗണിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുകെയുടെ ഭക്ഷ്യസംവിധാനം ഇതുവരെ വലിയ പരീക്ഷണങ്ങളെ നേരിട്ടിട്ടില്ലെന്നും, നിലവിൽ യുകെ തങ്ങളുടെ ഭക്ഷണത്തിന്റെ മൂന്നിലൊന്നിലധികം വിദേശ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്നും സി.സി.എഫ് ചൂണ്ടിക്കാണിക്കുന്നു. കേവലം നാല് പ്രധാന തുറമുഖങ്ങൾ വഴിയാണ് ഈ ഇറക്കുമതി ഭൂരിഭാഗവും നടക്കുന്നത്. അന്താരാഷ്ട്ര സംഘർഷങ്ങൾ, അതിർത്തിയിലെ തടസ്സങ്ങൾ, ഇന്ധനക്ഷാമം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും കടുത്ത ചൂടും ഒക്കെ സൂപ്പർമാർക്കറ്റുകളിലെ ഭക്ഷ്യലഭ്യതയെ ബാധിക്കാം. കൂടാതെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള വളം വിതരണത്തെയും ബാധിച്ചിട്ടുണ്ട്.
റഷ്യൻ സൈബർ കുറ്റവാളികൾ തങ്ങളെ നിർണായകമായ ഒരു ലക്ഷ്യമായി കാണുമ്പോൾ, യുകെ സർക്കാർ തങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് സി.സി.എഫ് ചീഫ് എക്സിക്യൂട്ടീവ് ഫിൽ പ്ലക്ക് കുറ്റപ്പെടുത്തി. കോൾഡ് സ്റ്റോറേജുകളെയും ഭക്ഷ്യ ഗതാഗത ഹബ്ബുകളെയും അടിയന്തിരമായി ‘ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ’ (നിർണായക അടിസ്ഥാന സൗകര്യം) ആയി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് വഴി ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള വലിയ പവർ കട്ടുകളിൽ നിന്നും ഇവയ്ക്ക് സംരക്ഷണം ലഭിക്കും.
മുൻപ് വെനസ്വേലയിൽ ഉണ്ടായതുപോലെ ഭക്ഷ്യക്ഷാമം വലിയ കലാപങ്ങളിലേക്ക് നയിച്ചേക്കാമെന്നും, ഇത് ദരിദ്ര കുടുംബങ്ങളെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും പ്ലക്ക് മുന്നറിയിപ്പ് നൽകുന്നു. കോൾഡ് സ്റ്റോറേജ് ജീവനക്കാർക്ക് സ്ഥിരമായി അവശ്യ സേവന പദവി (essential-worker status) നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ യുകെ സർക്കാരിന്റെ വക്താവ് വ്യക്തമാക്കുന്നത്, ഭക്ഷ്യമേഖല നിലവിൽ തന്നെ രാജ്യത്തെ 13 നിർണായക അടിസ്ഥാന സൗകര്യ മേഖലകളിൽ ഒന്നാണെന്നും, ആഭ്യന്തര ഭക്ഷ്യോത്പാദനം നിലനിർത്താനും പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുമാണ്.