യുകെയിൽ ഡാറ്റാ സെന്ററുകൾക്കെതിരെ ജനരോഷം തടയാൻ 12 മാസം മാത്രം; ബ്രിട്ടീഷ് സർക്കാരിന് മുന്നറിയിപ്പുമായി എ.ഐ വമ്പന്മാർ.
ലണ്ടൻ : ഡാറ്റാ സെന്ററുകൾക്കെതിരെ യുകെയിൽ വർദ്ധിച്ചുവരുന്ന ജനരോഷം തടയാൻ സർക്കാരിന് ഇനി 12 മാസത്തെ സമയം മാത്രമാണ് ബാക്കിയുള്ളതെന്ന് മുൻനിര എ.ഐ (AI) ടെക് കമ്പനികൾ മുന്നറിയിപ്പ് നൽകി. എൻവിഡിയ (NVIDIA), മൈക്രോസോഫ്റ്റ്, സിസ്കോ തുടങ്ങിയ വമ്പൻ കമ്പനികൾ ഉൾപ്പെടുന്ന ‘സോവറിൻ എ.ഐ ലീഡർഷിപ്പ്’ (SAIL) ടാസ്ക് ഫോഴ്സാണ് ബ്രിട്ടീഷ് സർക്കാരിന് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗവും ഉയർന്ന വൈദ്യുതി നിരക്കും ചൂണ്ടിക്കാട്ടി അമേരിക്കയിലും യൂറോപ്പിലും നടക്കുന്ന രീതിയിലുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ യുകെയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനികളുടെ ആശങ്ക.
ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രദേശവാസികൾക്കും സാമ്പത്തികവും അല്ലാത്തതുമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ഒരു പ്രത്യേക കരാർ (‘Compact’) സർക്കാർ രൂപീകരിക്കണമെന്ന് ടാസ്ക് ഫോഴ്സ് ആവശ്യപ്പെടുന്നു. ഡാറ്റാ സെന്ററുകളിൽ നിന്നുള്ള പ്രാദേശിക നികുതി വരുമാനം (Business rates) തദ്ദേശ കൗൺസിലുകൾക്ക് തന്നെ നിലനിർത്താൻ അനുവദിക്കുന്നത് വഴി പ്രാദേശിക എതിർപ്പുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. മൈക്രോസോഫ്റ്റ് യുകെയിൽ 30 ബില്യൺ ഡോളറിന്റെ എ.ഐ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപത്തിന് പദ്ധതിയിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആന്റി ബർണാമുമായി അവർ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്.
എന്നാൽ, വൻകിട കമ്പനികൾ പണം നൽകി ജനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ജനങ്ങളുടെ പ്രതിഷേധത്തെ തടയില്ലെന്നും പരിസ്ഥിതി-സാങ്കേതിക പ്രചാരണ സംഘടനകൾ കുറ്റപ്പെടുത്തുന്നു. കൗൺസിലുകൾക്ക് കൂടുതൽ നികുതി തുക നൽകുന്നത് കേന്ദ്ര സർക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നും അത് ആരോഗ്യ മേഖല (NHS) ഉൾപ്പെടെയുള്ള പൊതുസേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ സ്കോട്ട്ലൻഡിൽ മാത്രം 15-ഓളം പ്രാദേശിക സമിതികൾ ഡാറ്റാ സെന്ററുകൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഡാറ്റാ സെന്ററുകൾ പരിസ്ഥിതി സൗഹൃദ ഊർജ്ജവും ജലവും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും, പ്രാദേശിക വികസനത്തിനും തൊഴിലവസരങ്ങൾക്കും സംഭാവന നൽകണമെന്നുമാണ് സർക്കാരിന്റെ നിലപാടെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഇത്തരം ഡാറ്റാ സെന്ററുകളിൽ നിന്നുള്ള നികുതി വരുമാനം കൗൺസിലുകൾക്ക് പൂർണ്ണമായി കൈവശം വെക്കാൻ അനുമതി നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.