യുകെയിൽ അപൂർവ്വ വടക്കൻ വെളിച്ചം (നർത്തന വെളിച്ചം): തെക്കൻ പ്രദേശങ്ങളിലും ദൃശ്യമായി.
ലണ്ടൻ: യുകെയുടെ ആകാശത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും ദൃശ്യമായ അതിമനോഹരമായ ‘നോർത്തേൺ ലൈറ്റ്സ്’ (ഓറോറ ബോറിയാലിസ് – നർത്തന വെളിച്ചം) വിസ്മയ കാഴ്ചയായി. സാധാരണയായി ആർട്ടിക് സർക്കിളിനോടും സ്കോട്ട്ലൻഡിന്റെ വടക്കൻ മേഖലകളോടും ചേർന്ന് മാത്രം കാണപ്പെടാറുള്ള ഈ പ്രകൃതിഭാസഭാസം ഇത്തവണ ഇംഗ്ലണ്ടിന്റെ തെക്കൻ മേഖലകളായ ഡെവൺ, ഹാംപ്ഷെയർ, കെന്റ് തുടങ്ങിയ സ്ഥലങ്ങളിലും വ്യക്തമായി ദൃശ്യമായി. ആകാശം തെളിഞ്ഞുനിൽക്കുകയാണെങ്കിൽ ചൊവ്വാഴ്ച വരെ ഇത് കാണാൻ സാധിക്കുമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ യുകെ മെറ്റ് ഓഫീസ് അറിയിച്ചു.
സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളും (Solar wind) ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളും തമ്മിൽ കാന്തികധ്രുവങ്ങളിൽ വെച്ച് കൂട്ടിയിടിക്കുമ്പോഴാണ് ഓറോറ ബോറിയാലിസ് രൂപപ്പെടുന്നത്. സെക്കൻഡിൽ ദശലക്ഷക്കണക്കിന് മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ കണികകൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി സമ്പർക്കത്തിൽ വരുമ്പോൾ പ്രകാശം പുറപ്പെടുവിക്കുന്നു. അന്തരീക്ഷത്തിലെ ഓക്സിജൻ പച്ചയും അപൂർവ്വമായി ചുവപ്പും നിറങ്ങൾ സൃഷ്ടിക്കുമ്പോൾ, നൈട്രജൻ നീല, ധൂമ്ര (പർപ്പിൾ) നിറങ്ങളിലുള്ള വെളിച്ചമാണ് ഉണ്ടാക്കുന്നത്.
സൂര്യന്റെ 11 വർഷത്തെ സ്വാഭാവിക ചക്രത്തിൽ (Solar cycle) ഏറ്റവും ഉയർന്ന സൗരപ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടമായതിനാൽ 2026 വർഷം വടക്കൻ വെളിച്ചം കാണാൻ ഏറ്റവും അനുയോജ്യമായ വർഷമായിരിക്കും എന്ന് വിദഗ്ദ്ധർ നേരത്തെ വിലയിരുത്തിയിരുന്നു. ഇതുകാരണം വരും ദിവസങ്ങളിലും കൂടുതൽ ഇടങ്ങളിൽ ഈ മനോഹരമായ പ്രതിഭാസം ദൃശ്യമാകാൻ സാധ്യതയുണ്ട്.