യുഎസും ഇറാനും നേർക്കുനേർ; കപ്പലുകൾക്ക് നേരെ ആക്രമണം, മിസൈലുകൾ ആകാശത്ത് വെടിവെച്ചിട്ട് യുഎഇയും കുവൈറ്റും!.
ഇറാൻ : ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണത്തെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ വീണ്ടും ശക്തമായ സൈനികാക്രമണം. ഒരു ചരക്കുകപ്പൽ അനധികൃത പാതയിലൂടെ സഞ്ചരിച്ചെന്ന് ആരോപിച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കപ്പൽ ആക്രമിക്കുകയും ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്.
ഇറാന്റെ നടപടിക്ക് മറുപടിയായി യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ 140-ലധികം സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകി. സാധാരണക്കാരായ നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ഇറാന്റെ ആക്രമണ ശേഷി ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, വെടിക്കോപ്പുകളുടെ സംഭരണശാലകൾ, കമ്മ്യൂണിക്കേഷൻ ശൃംഖലകൾ എന്നിവയാണ് യുഎസ് തകർത്തത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എഞ്ചിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ഒരു ജീവനക്കാരനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അയൽരാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ-ഡ്രോൺ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇയും കുവൈറ്റും സ്ഥിരീകരിച്ചു.
അമേരിക്കൻ ഇടപെടലുകൾ അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്. ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഫെബ്രുവരിയിൽ മുൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ പുതിയ പ്രതിസന്ധി പൂർണ്ണമായും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.