Sathyian Nedumancherriyil

Subject : മോശം സേവനം; അവാന്തി വെസ്റ്റ് കോസ്റ്റ് റെയിൽവേ സർവീസ് പൊതുമേഖലയിലേക്ക്.

മോശം സേവനം; അവാന്തി വെസ്റ്റ് കോസ്റ്റ് റെയിൽവേ സർവീസ് പൊതുമേഖലയിലേക്ക്.

ലണ്ടൻ: യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അറുതിവരുത്താൻ ലക്ഷ്യമിട്ട് അവാന്തി വെസ്റ്റ് കോസ്റ്റ് (Avanti West Coast) റെയിൽവേ സർവീസ് പൊതുമേഖലയിലേക്ക് മാറ്റുന്നു. വരുന്ന മാർച്ചിൽ നിലവിലുള്ള കരാർ അവസാനിക്കുന്നതോടെ കമ്പനി പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലാകും. ട്രെയിനുകൾ വൈകുന്നതിലും റദ്ദാക്കുന്നതിലും രാജ്യത്ത് ഏറ്റവും മോശം പ്രകടനമുള്ള ഓപ്പറേറ്റർമാരിൽ ഒന്നാണ് അവാന്തി.

ലണ്ടനിൽ നിന്ന് മാഞ്ചസ്റ്റർ, ലിവർപൂൾ, ഗ്ലാസ്കോ, എഡിൻബർഗ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അവാന്തിയുടെ സർവീസുകൾ. വൻ തുക ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനൊപ്പം സ്ഥിരമായുള്ള സർവീസ് തടസ്സങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഓഹരി ഉടമകൾക്ക് പകരം യാത്രക്കാരുടെ താൽപ്പര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറേ വർഷങ്ങളായി അവാന്തിയുടെ ഭാഗത്തുനിന്നുണ്ടായ മോശം സേവനങ്ങൾ ജനങ്ങളെ വലച്ചതായി ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ പറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പൊതുമേഖലയിലേക്കുള്ള മാറ്റമെന്നും ലേബർ പാർട്ടി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ആറു വർഷമായി ട്രെയിനുകൾ നവീകരിക്കുന്നതിലും പുതിയ സർവീസുകൾ ആരംഭിക്കുന്നതിലും മികച്ച പുരോഗതിയാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് അവാന്തി എം.ഡി ആൻഡി മെല്ലേഴ്സ് പ്രതികരിച്ചു.

ചിൽട്ടേൺ റെയിൽവേ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ റെയിൽവേ സർവീസുകളും ഇതിനകം സർക്കാരിന്റെ ഏറ്റെടുക്കലിലാണ്. വരും മാസങ്ങളിൽ ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയും ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയും പൊതുമേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 2027-ഓടെ രാജ്യത്തെ എല്ലാ പ്രധാന റെയിൽവേ സർവീസുകളും പൊതു ഉടമസ്ഥതയിലാക്കാനാണ് ലേബർ സർക്കാർ ലക്ഷ്യമിടുന്നത്.