മൊറോക്കോയിൽ സൈനികാഭ്യാസത്തിനിടെ രണ്ട് യുഎസ് സൈനികരെ കാണാതായി; തിരച്ചിൽ ഊർജ്ജിതം!.
റബാത്ത: മൊറോക്കോയിൽ നടന്നുവരുന്ന സംയുക്ത സൈനികാഭ്യാസത്തിനിടെ രണ്ട് അമേരിക്കൻ സൈനികരെ കാണാതായതായി യുഎസ് ആഫ്രിക്കൻ കമാൻഡ് (Africom) അറിയിച്ചു. ആഫ്രിക്കൻ ലയൺ 2026 (African Lion 2026) എന്ന പേരിൽ നടക്കുന്ന വാർഷികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ശനിയാഴ്ച ഇവരെ കാണാതായത്. മൊറോക്കോയിലെ ടാൻ ടാൻ നഗരത്തിന് സമീപമുള്ള ക്യാപ് ഡ്രാ ട്രെയിനിംഗ് ഏരിയയിൽ വെച്ചാണ് സൈനികരെ കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സൈനികർക്കായി കര, വ്യോമ, നാവിക സേനകളുടെ നേതൃത്വത്തിൽ വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും മൊറോക്കോയ്ക്കും പുറമെ മറ്റ് സഖ്യകക്ഷികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും നിലവിൽ സൈനികരുടെ സുരക്ഷയ്ക്കും കുടുംബത്തിനുമാണ് മുൻഗണന നൽകുന്നതെന്നും ആഫ്രിക്കൻ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു അപകടമാണെന്നാണ് പ്രാഥമിക നിഗമനം; സംഭവത്തിൽ ഭീകരാക്രമണത്തിനോ തട്ടിക്കൊണ്ടുപോകലിനോ ഉള്ള സൂചനകളില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമാണ് ആഫ്രിക്കൻ ലയൺ. മൊറോക്കോ, ഘാന, സെനഗൽ, ടുണീഷ്യ എന്നിവിടങ്ങളിലായി നടക്കുന്ന ഈ അഭ്യാസത്തിൽ 40-ലധികം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം സൈനികർ പങ്കെടുക്കുന്നുണ്ട്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള ഈ സൈനികാഭ്യാസം ഏപ്രിൽ 27 മുതൽ മെയ് 8 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.