Sathyian Nedumancherriyil

Subject : മാനസികരോഗികളിൽ ചിലരിൽ കാണുന്ന അക്രമവാസന സന്നദ്ധ സംഘടനകൾ തുറന്നുസമ്മതിക്കണം: മൈൻഡ് സി.ഇ.ഒ

മാനസികരോഗികളിൽ ചിലരിൽ കാണുന്ന അക്രമവാസന സന്നദ്ധ സംഘടനകൾ തുറന്നുസമ്മതിക്കണം: മൈൻഡ് സി.ഇ.ഒ

ലണ്ടൻ: ഗുരുതരമായ മാനസികരോഗമുള്ള ചെറിയൊരു വിഭാഗം ആളുകളിൽ നിന്ന് അക്രമസാധ്യതയുണ്ടെന്ന യാഥാർത്ഥ്യം തുറന്നുസമ്മതിക്കുന്നതിൽ മാനസികാരോഗ്യ മേഖലയിലെ സന്നദ്ധ സംഘടനകൾ പരാജയപ്പെട്ടുവെന്ന് പ്രമുഖ യുകെ ചാരിറ്റിയായ ‘മൈൻഡ്’ (Mind) ചീഫ് എക്സിക്യൂട്ടീവ് ഡോ. സാറാ ഹ്യൂസ്. നോട്ടിംഗ്ഹാം കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലെത്തിനിൽക്കെയാണ് ഡോ. സാറാ ഹ്യൂസിന്റെ ഈ തുറന്നുപറച്ചിൽ.

2023 ജൂൺ 13-ന് നോട്ടിംഗ്ഹാമിൽ 19 വയസ്സുള്ള ബാർണബി വെബ്ബർ, ഗ്രേസ് ഓ മാളി-കുമാർ എന്നീ വിദ്യാർത്ഥികളെയും 65 വയസ്സുള്ള ഇയാൻ കോട്സ് എന്ന കെയർടേക്കറെയും പാരനോയിഡ് സ്കീസോഫ്രീനിയ ബാധിതനായ വാൽഡോ കലോക്കെയ്ൻ എന്നയാൾ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കലോക്കെയ്നെ പിന്നീട് അനിശ്ചിതകാലത്തേക്ക് ആശുപത്രി തടങ്കലിന് ശിക്ഷിക്കുകയുണ്ടായി. ഈ കൊലപാതകങ്ങളിലേക്ക് നയിച്ച മാനസികാരോഗ്യ മേഖലയിലെയും പോലീസിലെയും വീഴ്ചകളെക്കുറിച്ചാണ് നിലവിൽ പബ്ലിക് ഇൻക്വയറി അന്വേഷിക്കുന്നത്.

സംഘടനകൾ ഇത്രയും കാലം ഭൂരിഭാഗം മാനസികരോഗികളും അക്രമികളല്ലെന്ന വാദമാണ് ഉയർത്തിപ്പിടിച്ചതെന്നും, എന്നാൽ ചെറിയൊരു വിഭാഗം ആളുകൾ അക്രമം കാണിക്കുന്നുണ്ടെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണെന്നും ഡോ. സാറാ ഹ്യൂസ് ചൂണ്ടിക്കാട്ടി. സത്യം ലളിതവൽക്കരിച്ച് അവതരിപ്പിക്കുന്നതിന് പകരം, രോഗികളിലെ അക്രമസാധ്യതയെക്കുറിച്ച് പൊതുജനങ്ങളോട് തുറന്നുപറയാൻ സന്നദ്ധ സംഘടനകൾ തയ്യാറാകണം.

മാനസികരോഗികളായ ഭൂരിഭാഗം ആളുകളും ശാന്തരാണെങ്കിലും കലോക്കെയ്നെപ്പോലുള്ള അക്രമവാസനയുള്ള രോഗികൾ കടുത്ത ഭീഷണിയാണെന്നും, മുൻകൂട്ടി ഇത്തരം അപകടസാധ്യതകൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും എമ്മ വെബ്ബർ കൂട്ടിച്ചേർത്തു.