ബ്രെക്സിറ്റ് രാജ്യത്തിന് ദോഷം ചെയ്തു; ഇയു ബന്ധം പുനഃപരിശോധിക്കാൻ ലേബർ പാർട്ടി ഒരുങ്ങുന്നു.
ലണ്ടൻ: ബ്രെക്സിറ്റ് രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തെന്ന് വ്യക്തമാക്കി പുതിയ അവലോകനത്തിന് തയ്യാറെടുത്ത് ലേബർ പാർട്ടി. യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ ബന്ധം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഒരു സമഗ്ര അവലോകനത്തിന് തുടക്കമിടുമെന്ന് പ്രധാനമന്ത്രി ആൻഡി ബർഹം പ്രഖ്യാപിച്ചു. ബ്രെക്സിറ്റിന് ശേഷം രാജ്യത്തിന് നിയന്ത്രണം നഷ്ടപ്പെട്ടെന്നും സമ്പദ്വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവംബർ അവസാനത്തോടെയോ അതിനുശേഷമോ നടക്കാനിരിക്കുന്ന യുകെ-ഇയു ഉച്ചകോതിയോടനുബന്ധിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ഭാവി ബന്ധത്തിനുള്ള വിവിധ നയപരമായ മാർഗ്ഗങ്ങൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിലേക്ക് തിരികെ ചേരുന്നതിനുള്ള സാധ്യതകൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചയായേക്കാം. സിംഗിൾ മാർക്കറ്റിലേക്കോ കസ്റ്റംസ് യൂണിയനിലേക്കോ ഉള്ള തിരിച്ചുവരവിന് മുൻപ് എതിർപ്പുകളുണ്ടായിരുന്നെങ്കിലും വരും ആഴ്ചകളിൽ പാർട്ടിക്ക് ഉള്ളിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ ഓപ്ഷനുകളാണ് സർക്കാർ പരിശോധിക്കുന്നത്. സ്വിറ്റ്സർലൻഡ് മാതൃകയിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ മുതൽ യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ (EEA) ചേരുന്നത് വരെയുള്ള വിവിധ നിർദ്ദേശങ്ങൾ വിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കയറ്റുമതിയിൽ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും യൂറോപ്യൻ പങ്കാളികളുമായി കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്കും പുതിയ നയങ്ങൾ സഹായകരമാകുമെന്നാണ് ലേബർ പാർട്ടി വിലയിരുത്തുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച വ്യക്തമായ രൂപരേഖ പുറത്തുവിടുമെന്നാണ് സൂചന.