ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്: കാൽ ദശലക്ഷം പേർക്ക് ജോലി നഷ്ടമായേക്കും; ആശങ്കയായി ഇറാൻ യുദ്ധം
ലണ്ടൻ: മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുമ്പോൾ ബ്രിട്ടൻ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്നുണ്ടായ ബിസിനസ് തളർച്ച കാരണം 2027 പകുതിയോടെ ബ്രിട്ടനിൽ ഏകദേശം 2.5 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്ന് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനങ്ങളുടെ വിശകലനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ 5.2 ശതമാനമായിരിക്കുന്ന തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുമെന്നും, ഇതോടെ രാജ്യത്തെ ആകെ തൊഴിലന്വേഷകരുടെ എണ്ണം 2.1 ദശലക്ഷം കടക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും അയൽരാജ്യങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളും എണ്ണ, പ്രകൃതിവാതക വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് സാമ്പത്തിക പ്രവചന ഗ്രൂപ്പായ ‘ഇവൈ ഐറ്റം ക്ലബ്’ (EY Item Club) വ്യക്തമാക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് ബാങ്ക് മേധാവികളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഡെലോയിറ്റ് (Deloitte) പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് പ്രകാരം, ബ്രിട്ടനിലെ വൻകിട കമ്പനികളുടെ സാമ്പത്തിക മേധാവികൾ ഭാവിയിലുള്ള നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുകയാണ്. ബിസിനസ് രംഗത്തെ ആത്മവിശ്വാസം കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നും അവർ വിലയിരുത്തുന്നു. ഊർജ്ജ വിലക്കയറ്റം, പണപ്പെരുപ്പം, സൈബർ ആക്രമണങ്ങൾ എന്നിവയാണ് കമ്പനികൾ നേരിടുന്ന പ്രധാന ഭീഷണികൾ.
ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ പണപ്പെരുപ്പം 4 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം എന്ന ലക്ഷ്യത്തേക്കാൾ ഇരട്ടിയാണ്. അന്താരാഷ്ട്ര നാണയ നിധി (IMF) നൽകുന്ന വിവരമനുസരിച്ച്, ജി7 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക് രേഖപ്പെടുത്താൻ പോകുന്നത് ബ്രിട്ടനായിരിക്കും. ഊർജ്ജ പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ബ്രിട്ടനെ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.