Sathyian Nedumancherriyil

Subject : ബ്രിട്ടന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളിൽ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എ.ഐ മന്ത്രി കനിഷ്ക നാരായൺ.

ബ്രിട്ടന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളിൽ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എ.ഐ മന്ത്രി കനിഷ്ക നാരായൺ.

ലണ്ടൻ: യുകെയുടെ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങളിൽ ലംഘനമോ ചോർച്ചയോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് (“likely, if not inevitable”) ബ്രിട്ടന്റെ എ.ഐ മന്ത്രി കനിഷ്ക നാരായൺ മുന്നറിയിപ്പ് നൽകി. ഓട്ടോണമസ് ഏജന്റുകൾ (autonomous agents) ഉൾപ്പെടുന്ന ഗുരുതരമായ സുരക്ഷാ ഭീഷണികളെ നേരിടാനും രാജ്യത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നടപടികൾ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകം “സൂപ്പർഇന്റലിജൻസിന്റെ” യുഗത്തിലേക്ക് കടക്കുമ്പോൾ, യന്ത്രങ്ങൾ നിർമ്മിക്കുമ്പോൾ മനുഷ്യന്റെ നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം വികസിപ്പിക്കേണ്ടതെന്ന് (‘build machines that leave us human beings in charge’) അദ്ദേഹം പറഞ്ഞു. കാബിനറ്റ് പദവിയിലേക്ക് ഉയർന്നതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് നാരായൺ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്. ഗൂഗിളിന്റെ ‘ജെമിനി’ (Gemini) ഉൾപ്പെടെയുള്ള മുൻനിര എ.ഐ മോഡലുകൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് യുകെയുടെ ‘എ.ഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ’ ശാസ്ത്രജ്ഞർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. അവിടെ ഒരു ഓപ്പൺഎ.ഐ (OpenAI) റോഗ് ഏജന്റ് സർക്കാർ വെബ്‌സൈറ്റിൽ കടന്നുകയറി വിവരങ്ങൾ ചോർത്തിയിരുന്നു. വ്യക്തിപരമായ ആരോഗ്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും യുകെയുടെ സുരക്ഷാ സംവിധാനങ്ങൾക്കും ഇത് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രികൾ, പൊതുസേവന മേഖലകൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയെ എ.ഐ അധിഷ്ഠിത സുരക്ഷാ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാജ്യത്തെ സൈബർ സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബില്ലും അനുബന്ധ നിയമങ്ങളും കൂടുതൽ ശക്തമാക്കാൻ യുകെ സർക്കാർ ആലോചിക്കുന്നുണ്ട്.