ബ്രിട്ടന്റെ പ്രതിരോധം തുലാസിൽ; പദ്ധതികൾ വൈകുന്നത് രാജ്യത്തിന് നാണക്കേടെന്ന് എംപിമാർ.
ലണ്ടൻ: യുകെ സർക്കാരിന്റെ പ്രതിരോധ ചെലവിടൽ പദ്ധതികൾ (DIP) വൈകുന്നതിനെതിരെ പാർലമെന്ററി സമിതി രൂക്ഷവിമർശനവുമായി രംഗത്ത്. കൃത്യമായ പ്ലാനില്ലാതെ പ്രതിരോധ മേഖല മുന്നോട്ട് പോകുന്നത് സഖ്യരാജ്യങ്ങൾക്കിടയിൽ യുകെയുടെ വിശ്വസ്തത തകർക്കുമെന്നും, സായുധ സേനയുടെ ആധുനീകരണത്തെ ഇത് ബാധിക്കുമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) മുന്നറിയിപ്പ് നൽകി.
ആഗോള അസ്ഥിരത കാരണം കമ്പനികൾ വില കൂട്ടുന്നതിനാൽ പ്രതിരോധ കരാറുകൾ ഇനിയും വൈകുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. കൂടാതെ, പരീക്ഷണ ഓട്ടത്തിനിടെ സൈനികർക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കിയ ‘അജാക്സ്’ (Ajax) യുദ്ധവാഹനങ്ങളുടെ ഗുരുതരമായ തകരാറുകളും, ആണവ പദ്ധതികൾക്കായി കോടികൾ ചെലവഴിക്കുന്നതിലെ സുതാര്യതക്കുറവും കമ്മിറ്റി ചൂണ്ടിക്കാണിച്ചു.
യുകെയുടെ അഞ്ച് അത്യാധുനിക അറ്റാക്ക് അന്തർവാഹിനികളും നിലവിൽ അറ്റകുറ്റപ്പണികൾക്കായി കിടക്കുകയാണെന്ന വാർത്തയും ഇതിനിടെ പുറത്തുവന്നു. എന്നാൽ, മുൻ സർക്കാരിൽ നിന്ന് ലഭിച്ച തകർച്ചയിലായ സൈനിക സംവിധാനങ്ങളെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും, വരാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുൻപ് പുതിയ പ്രതിരോധ പദ്ധതി പുറത്തുവിടുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.