Sathyian Nedumancherriyil

Subject : ബ്രിട്ടനിൽ മരുന്ന് ദൗർലഭ്യം പടിവാതിൽക്കൽ.ഗൾഫിലെ യുദ്ധം ബ്രിട്ടന്റെ ഫാർമസി പൂട്ടിക്കുമോ? മരുന്ന് വിലയും കൂടും; ആശങ്കയിൽ ആരോഗ്യ മേഖല.

ബ്രിട്ടനിൽ മരുന്ന് ദൗർലഭ്യം പടിവാതിൽക്കൽ.ഗൾഫിലെ യുദ്ധം ബ്രിട്ടന്റെ ഫാർമസി പൂട്ടിക്കുമോ? മരുന്ന് വിലയും കൂടും; ആശങ്കയിൽ ആരോഗ്യ മേഖല.

ലണ്ടൻ: ഇറാൻ-ഇസ്രായേൽ യുദ്ധം നീണ്ടുപോയാൽ ബ്രിട്ടനിൽ വേദനസംഹാരികൾ മുതൽ ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ വരെ വരും ആഴ്ചകളിൽ ദൗർലഭ്യം നേരിട്ടേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വരവ് ഗൾഫ് മേഖലയിലെ സംഘർഷം കാരണം തടസ്സപ്പെട്ടതാണ് ഇതിന് പ്രധാന കാരണം.

ഹോർമുസ് കടടുടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചതും, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. എൻഎച്ച്എസ് (NHS) ഉപയോഗിക്കുന്ന 85 ശതമാനം മരുന്നുകളും വിതരണം ചെയ്യുന്ന ‘മെഡിസിൻസ് യുകെ’യുടെ കണക്കനുസരിച്ച്, നിലവിൽ ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള സ്റ്റോക്ക് മാത്രമാണ് വിതരണക്കാരുടെ പക്കലുള്ളത്.

യുദ്ധം മൂലം വിമാന ചരക്ക് കൂലി ഇരട്ടിയായി വർദ്ധിച്ചത് മരുന്ന് നിർമ്മാതാക്കളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ മരുന്നുകളുടെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നാണ് വരുന്നത്. കടൽ മാർഗ്ഗമുള്ള ഗതാഗതത്തിന് ദൂരവും ചെലവും വർദ്ധിച്ചതോടെ പല മരുന്നുകളുടെയും വില വരും ദിവസങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ട ബയോളജിക്സ് മരുന്നുകൾ, ക്യാൻസർ ചികിത്സയ്ക്കുള്ള അത്യാധുനിക മരുന്നുകൾ എന്നിവയുടെ വിതരണത്തെയാണ് വ്യോമപാതയിലെ തടസ്സം സാരമായി ബാധിച്ചിരിക്കുന്നത്.

ഇതിനുപുറമെ, ഇന്ധനവില വർദ്ധനവ് സിറിഞ്ചുകൾ, വിയലുകൾ, ട്യൂബുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ ചെലവിനെയും ബാധിക്കുന്നുണ്ട്. ഈ അധികച്ചെലവ് ഒടുവിൽ നികുതിപ്പണത്തിലൂടെയോ നേരിട്ടോ സാധാരണക്കാരായ രോഗികളുടെ മേൽ തന്നെയാകും വന്നുചേരുകയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.