Sathyian Nedumancherriyil

Subject : ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം: 32 മരണം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ് നൽകി.

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം: 32 മരണം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ് നൽകി.

മനില: ദക്ഷിണ ഫിലിപ്പീൻസിൽ പുലർച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 32 പേർ മരണപ്പെടുകയും 134-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മിന്ദനാവോ ദ്വീപിനോട് ചേർന്നുള്ള സരംഗാനി പ്രവിശ്യാ തീരത്ത് നിന്ന് 20 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെത്തുടർന്ന് മേഖലയിൽ പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പുകൾ ആറ് മണിക്കൂറിന് ശേഷം പിൻവലിച്ചു.

കെട്ടിടങ്ങൾ തകർന്നുവീണും ഉരുൾപൊട്ടലിലുമാണ് ഭൂരിഭാഗം ആളുകളും മരണപ്പെട്ടത്. ജനറൽ സാന്റോസ് നഗരത്തിലെ പ്രശസ്തമായ റെസ്റ്റോറന്റുകളും വാണിജ്യ സമുച്ചയങ്ങളും തകർന്നടിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ തകരാർ സംഭവിച്ച കെട്ടിടങ്ങളിലും വീടുകളിലും പ്രവേശിക്കരുതെന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ അധ്യയന വർഷം ആരംഭിച്ച് സ്കൂളുകൾ തുറന്ന ദിവസമാണ് ദുരന്തമുണ്ടായത്. രാവിലെ അസംബ്ലി നടക്കുന്നതിനിടെയുണ്ടായ ഭൂചലനത്തിൽ ഭയന്നോടിയ കുട്ടികളെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ താൽക്കാലിക അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മിന്ദനാവോയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.