Sathyian Nedumancherriyil

Subject : ഫാമിലി കോടതികളിൽ സ്ത്രീകൾക്കെതിരെ കടുത്ത വിവേചനവും പക്ഷപാതവും; ഞെട്ടിക്കുന്ന റിപ്പോർട്ട് യുകെ പാർലമെന്റിൽ.

ഫാമിലി കോടതികളിൽ സ്ത്രീകൾക്കെതിരെ കടുത്ത വിവേചനവും പക്ഷപാതവും; ഞെട്ടിക്കുന്ന റിപ്പോർട്ട് യുകെ പാർലമെന്റിൽ.

ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഫാമിലി കോടതികളിൽ സ്ത്രീകളോട് കടുത്ത പക്ഷപാതവും ഇരകളെ കുറ്റപ്പെടുത്തുന്ന (victim-blaming) സമീപനവുമുണ്ടെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ‘റൈറ്റ് ടു ഇക്വാലിറ്റി’ എന്ന സന്നദ്ധ സംഘടന തയ്യാറാക്കിയ ‘സ്ക്രാച്ചിങ് ദി സർഫസ്’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പ്രസിദ്ധീകരിക്കപ്പെട്ട 91 കോടതി വിധികൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച പാർലമെന്റിൽ എംപിമാർക്ക് മുന്നിൽ സമർപ്പിച്ചു. പരിശോധിച്ചതിൽ 72.5 ശതമാനം വിധിന്യായങ്ങളിലും ജഡ്ജിമാരടക്കമുള്ള നിയമവിദഗ്ദ്ധർ ഇരകളെ കുറ്റപ്പെടുത്തുന്ന ഭാഷ ഉപയോഗിച്ചതായും അമ്മമാരുടെ പെരുമാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ അച്ഛന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ തെറ്റുകളെപ്പോലും ലഘൂകരിച്ചു കാണിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കോടതികളിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങൾ പല സ്ത്രീകളും റിപ്പോർട്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗാർഹിക പീഡനവും ബലാത്സംഗവും തെളിയിക്കപ്പെട്ടിട്ടും, കോടതിയിൽ വെച്ച് തങ്ങളെ പരിഹസിച്ച മുൻ പങ്കാളിയെ ജഡ്ജിമാരും അഭിഭാഷകരും പ്രശംസിച്ചതായി ഒരു യുവതി സാക്ഷ്യപ്പെടുത്തുന്നു. ഫാമിലി കോടതികൾ സ്ത്രീകൾക്ക് അനുകൂലമാണെന്ന ധാരണ തെറ്റാണെന്നും യഥാർത്ഥത്തിൽ തങ്ങളെ വേട്ടയാടാൻ മുൻ പങ്കാളികൾക്ക് കോടതികൾ ഒരു ആയുധമായി മാറുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.

അഭിഭാഷകയും റൈറ്റ് ടു ഇക്വാലിറ്റി കോ-ഡയറക്ടറുമായ ഡോ. ഷാർലറ്റ് പ്രൗഡ്മാൻ ഈ അവസ്ഥയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.  പക്ഷപാതപരമായ നിലപാടുകൾ കുട്ടികളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തെറ്റായ തീരുമാനങ്ങളിലേക്കാണ് കോടതികളെ നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഈ ഗുരുതരമായ സാഹചര്യം നേരിടാൻ ശക്തമായ നിർദ്ദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ജഡ്ജിമാർക്ക് ലിംഗവിവേചനത്തിനെതിരെയും ഇരകളെ ബഹുമാനിക്കുന്നതിനെക്കുറിച്ചും നിർബന്ധിത പരിശീലനം നൽകുക, കോടതി വിധികൾ കൃത്യമായി വിലയിരുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ റിപ്പോർട്ടിലുണ്ട്. കൂടാതെ സുതാര്യത ഉറപ്പാക്കാനായി ഓരോ മാസവും വരുന്ന വിധിന്യായങ്ങളുടെ 20 ശതമാനമെങ്കിലും പരസ്യപ്പെടുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കോടതികളിൽ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഈ വിവേചനം അവസാനിപ്പിക്കാൻ കഴിയൂ എന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.