പ്രളയത്തിൽ മുങ്ങി ബാങ്കോക്ക്: ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു, ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് കടുത്ത് പ്രളയക്കെടുതി. പ്രളയം രൂക്ഷമായതോടെ നഗരത്തിൽ ദുരന്താവസ്ഥ പ്രഖ്യാപിക്കുകയും അയ്യായിരത്തോളം ആളുകളെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷന്റെ (BMA) കണക്കനുസരിച്ച് നഗരത്തിലെ 52,000-ത്തോളം കുടുംബങ്ങളെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ബാങ്കോക്കിന്റെ ചില ഭാഗങ്ങളിൽ 330 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. തോടുകളും കനാലുകളും കവിഞ്ഞൊഴുകിയതോടെ പ്രധാന റോഡുകളും വീടുകളും പൂർണമായി വെള്ളത്തിനടിയിലായി. 2011-ൽ രാജ്യത്തുണ്ടായ വൻ പ്രളയത്തേക്കാൾ ഉയർന്ന ജലനിരപ്പാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വീടുകളുടെ താഴത്തെ നിലകളിൽ വെള്ളം കയറിയതോടെ പലരും ജീവനോപാധികളും അത്യാവശ്യ സാധനങ്ങളും ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കോക്കിലെ നൂറുകണക്കിന് സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ പലതും താൽക്കാലിക ക്യാമ്പുകളായാണ് പ്രവർത്തിക്കുന്നത്. വെള്ളപ്പൊക്കം കാരണം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെ സൂപ്പർമാർക്കറ്റുകളിൽ പല സാധനങ്ങളും തീർന്നു. എന്നാൽ അനാവശ്യമായി പരിഭ്രാന്തരാകരുതെന്നും സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.
കനാലുകളിലെ വെള്ളം വേഗത്തിൽ പമ്പ് ചെയ്തു കളയാൻ ബാങ്കോക്ക് ഗവർണർ ചാഡ്ചാർട്ട് സിത്തിപന്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ തുടരുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങളോട് ഗവർണർ അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തരം തീവ്രമഴയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.