നികുതിയിളവോടെ പുതിയ ഐറിഷ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് പ്രഖ്യാപിച്ച് സർക്കാർ; സമ്പാദ്യം വളർത്താൻ സുവർണ്ണാവസരം!
ഡബ്ലിൻ, അയർലണ്ട്: കൈയിൽ മിച്ചമുള്ള പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസവുമായി ഐറിഷ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അവതരിപ്പിച്ച പുതിയ ഐറിഷ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിൽ 50,000 യൂറോ വരെയുള്ള അക്കൗണ്ട് മൂല്യത്തിന് നികുതി ഉണ്ടാകില്ലെന്ന് ധനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഈ പരിധിക്ക് മുകളിലുള്ള ഭാഗത്തിന് ഒരു ശതമാനം നികുതി മാത്രമാണ് ഈടാക്കുക. സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ സമ്പാദ്യം വളർത്താൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2027 ജൂലൈ ഒന്നിന് പദ്ധതി പ്രവർത്തനസജ്ജമാകും.
ഒരു വർഷം പരമാവധി 12,000 യൂറോ വരെയാണ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. എന്നാൽ കുറഞ്ഞ നിക്ഷേപത്തുക നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ചെറിയ തുകകൾ മാറ്റിവെച്ച് നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപയോഗപ്രദമാകും. ലിസ്റ്റ് ചെയ്ത ഓഹരികൾ, ബോണ്ടുകൾ, നിയന്ത്രിത വിപണികളിലെ സാമ്പത്തിക ഉൽപ്പന്നങ്ങൾ എന്നിവ ഈ അക്കൗണ്ടിൽ ഉൾപ്പെടുത്താം. എന്നാൽ ഡെറിവേറ്റീവുകളും ക്രിപ്റ്റോ ആസ്തികളും പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഉൽപ്പന്നങ്ങൾക്ക് ഇതിൽ അനുവാദമില്ല.
യൂറോപ്പിൽ ഗാർഹിക സമ്പാദ്യത്തിന്റെ തോത് വളരെ ഉയർന്ന രാജ്യങ്ങളിലൊന്നാണ് അയർലണ്ട്. കുടുംബങ്ങളുടെ ബാങ്ക് നിക്ഷേപം മാത്രം 160 ബില്യൺ യൂറോയിലധികമാണ്. ഈ സമ്പാദ്യത്തിന്റെ ഒരു ഭാഗം ദീർഘകാല നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുക വഴി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുക കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ സേവനം തിരഞ്ഞെടുക്കാം.
അതേസമയം, നികുതിയിളവുകൾ ഉണ്ടെങ്കിലും അക്കൗണ്ടിലെ ഓഹരികളുടെയും ഫണ്ടുകളുടെയും മൂല്യം വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഉയരുകയോ താഴുകയോ ചെയ്യാം. നികുതിയില്ലെന്നതുകൊണ്ട് മാത്രം നിക്ഷേപിച്ച പണത്തിന് സർക്കാർ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ ഗ്യാരണ്ടിയുള്ള ഉൽപ്പന്നങ്ങൾ ആവശ്യമുളളവർക്ക് പരമ്പരാഗത സ്റ്റേറ്റ് സേവിംഗ്സ് വഴിയുള്ള പദ്ധതികൾ തുടരാവുന്നതാണ്.