Sathyian Nedumancherriyil

Subject : നാറ്റോ പരിശീലനത്തിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ വീണ്ടും സാങ്കേതിക തകരാർ.

നാറ്റോ പരിശീലനത്തിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ വീണ്ടും സാങ്കേതിക തകരാർ.

ലണ്ടൻ : നാറ്റോ (Nato), ജോയിന്റ് എക്സ്പെഡിഷനറി ഫോഴ്സ് (JEF) എന്നിവയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസത്തിന് ശേഷം നോർവേയിൽ എത്തിയ യുകെയുടെ അത്യാധുനിക യുദ്ധക്കപ്പലായ ‘എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസി’ൽ (HMS Prince of Wales) സാങ്കേതിക തകരാർ കണ്ടെത്തി. നോർവേയിലെ സ്റ്റാവഞ്ചർ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന കപ്പലിൽ ചെറിയൊരു സാങ്കേതിക പ്രശ്നമാണ് ഉള്ളതെന്നും വരും ദിവസങ്ങളിൽ തന്നെ കപ്പൽ യാത്ര പുനരാരംഭിക്കുമെന്നും യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ 640 കോടി പൗണ്ട് മുടക്കി നിർമ്മിച്ച രണ്ട് അത്യാധുനിക എയർക്രാഫ്റ്റ് കാരിയറുകളിൽ ഒന്നാണിത്.

അറ്റ്ലാന്റിക്, ആർട്ടിക് മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം ആദ്യം കപ്പൽ നോർവേ തീരത്തേക്ക് യാത്ര തിരിച്ചത്. ടൈപ്പ് 45 ഡിസ്ട്രോയർ ഗണത്തിൽപ്പെട്ട ‘എച്ച്എംഎസ് ഡങ്കൻ’, ടാങ്കർ കപ്പലായ ‘ആർഎഫ്എ ടൈഡ്സ്പ്രിംഗ്’ എന്നിവയും ഈ ദൗത്യത്തിൽ പങ്കാളികളാണ്. ഒരേസമയം 72 യുദ്ധവിമാനങ്ങൾ വഹിക്കാനും 1,600 ഓളം സൈനികർക്ക് താമസിക്കാനുമുള്ള ശേഷി ഈ വമ്പൻ യുദ്ധക്കപ്പലിനുണ്ട്.

ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ ഇത്തരത്തിൽ സാങ്കേതിക തകരാറിലാകുന്നത് ഇതാദ്യമല്ല. യുകെയുടെ മറ്റൊരു പ്രധാന യുദ്ധക്കപ്പലായ ‘എച്ച്എംഎസ് ക്യൂൻ എലിസബത്ത്’ 2024-ൽ നോർവേ തീരത്തെ നാറ്റോ പരിശീലനത്തിൽ നിന്ന് പ്രൊപ്പല്ലർ തകരാർ മൂലം പിന്മാറേണ്ടി വന്നിരുന്നു. അന്ന് അതിന് പകരമായാണ് എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് പരിശീലനത്തിൽ പങ്കെടുത്തത്. എന്നാൽ ഇതിന് മുൻപ് 2022-ലും പ്രൊപ്പല്ലർ ഷാഫ്റ്റ് ഒടിഞ്ഞതിനെത്തുടർന്ന് ഈ കപ്പലിന്റെ യാത്ര മുടങ്ങിയിട്ടുണ്ട്.

തുടർച്ചയായുണ്ടാകുന്ന ഇത്തരം തകരാറുകൾ യുകെയുടെ സൈനിക ശേഷിയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തങ്ങൾ ഒരു ആഗോള സൈനിക ശക്തിയാണെന്ന് യുകെ അവകാശപ്പെടുമ്പോഴും, യാഥാർത്ഥ്യത്തിൽ രാജ്യത്തിന്റെ സൈനിക ശേഷി വളരെ പരിമിതമാണെന്ന വിമർശനം മുൻപ് തന്നെ ഉയർന്നിട്ടുണ്ട്. ശീതയുദ്ധ കാലത്ത് യുകെയ്ക്ക് 51 ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉണ്ടായിരുന്നു. എന്നാൽ പ്രതിരോധ ബജറ്റിൽ വന്ന കുറവ് രാജ്യത്തിന്റെ സൈനിക കരുത്തിനെ ബാധിച്ചതായാണ് വിലയിരുത്തൽ.