Sathyian Nedumancherriyil

Subject : ഡെമോക്രാറ്റുകൾ ‘ദൈവമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ’; ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രവുമായി ട്രംപ്.

ഡെമോക്രാറ്റുകൾ ‘ദൈവമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ’; ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രവുമായി ട്രംപ്.

വാഷിംഗ്ടൺ ഡിസി: യുഎസിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് തുടക്കം കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ അടുത്തിടെയുണ്ടായ പുരോഗമന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെ മുൻനിർത്തി, ഡെമോക്രാറ്റുകൾ രാജ്യത്തിന് തന്നെ ഭീഷണിയായ “ദൈവമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ” ആണെന്ന് ട്രംപ് ചിത്രീകരിച്ചു. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ വിജയത്തെ ചൂണ്ടിക്കാട്ടി, ഡെമോക്രാറ്റിക് പാർട്ടി തീവ്രവാദത്തിലേക്ക് മാറുകയാണെന്നും ഇത് ക്രിസ്ത്യാനികളുടെ കടുത്ത പീഡനത്തിലേക്ക് നയിക്കുമെന്നും ട്രംപ് ആരോപിച്ചു.

വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ‘ഫെയ്ത്ത് ആൻഡ് ഫ്രീഡം കോളിഷന്റെ’ വാർഷിക സമ്മേളനത്തിൽ തീവ്ര യാഥാസ്ഥിതിക മതവിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ തെരഞ്ഞെടുപ്പ് വിജയികൾ രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നവരും രാജ്യത്തെയും ജനങ്ങളെയും വെറുക്കുന്നവരുമാണെന്ന് യാതൊരു തെളിവുകളുമില്ലാതെ ട്രംപ് അവകാശപ്പെട്ടു. ന്യൂയോർക്കിൽ തുടങ്ങിയ ഈ മാറ്റം അവിടെക്കൊണ്ട് അവസാനിക്കാൻ പോകുന്നില്ലെന്നും ഡെമോക്രാറ്റിക് പാർട്ടി വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിലക്കയറ്റം തടയുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും രാജ്യത്തെ വിദേശ യുദ്ധങ്ങളിൽ നിന്ന് അകറ്റി നിർത്തിയില്ലെന്നും ആരോപിച്ച് വോട്ടർമാർക്കിടയിൽ ട്രംപിനെതിരെ അതൃപ്തി പുകയുന്നുണ്ട്. മാസങ്ങളായി റിപ്പബ്ലിക്കൻ പാർട്ടി പ്രീ-പോൾ സർവേകളിൽ പിന്നിലുമാണ്. എന്നാൽ മംദാനിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പുരോഗമന ഗ്രൂപ്പുകളുടെ വളർച്ചയെ ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് റിപ്പബ്ലിക്കൻ തന്ത്രജ്ഞർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഡെമോക്രാറ്റിക് പാർട്ടിയെ മുഴുവൻ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരായി മുദ്രകുത്താൻ അവർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധത ശക്തമായിരുന്ന ‘റെഡ് സ്കെയർ’ കാലഘട്ടത്തിൽ വളർന്ന ട്രംപ്, അതേ ഭീതി ജനങ്ങളിൽ വീണ്ടും ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ബാങ്ക് സുരക്ഷിതമാക്കാനും ഈ പുതിയ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ’ പ്രചാരണത്തിലൂടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സാധിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളുടെ പ്രതീക്ഷ.