ട്രെയിൻ റദ്ദാക്കിയാൽ മറ്റ് ട്രെയിനുകളിൽ സൗജന്യമായി യാത്ര ചെയ്യാം: യുകെയിൽ യാത്രക്കാർക്ക് പുതിയ ആശ്വാസ നിയമം.
ലണ്ടൻ: ട്രെയിൻ സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ ടിക്കറ്റെടുത്ത യാത്രക്കാർക്ക് അധിക തുക നൽകാതെ തന്നെ മറ്റ് റെയിൽവേ കമ്പനികളുടെ ട്രെയിനുകളിൽ യാത്ര തുടരാൻ അനുമതി നൽകുന്ന പുതിയ പരിഷ്കരണവുമായി യുകെ സർക്കാർ. സെപ്റ്റംബർ 20 ഞായറാഴ്ച മുതൽ നിലവിൽ വരുന്ന ഈ മാറ്റം ബ്രിട്ടനിലെ ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കുമ്പോൾ മറ്റ് കമ്പനികളുടെ ട്രെയിനുകളിൽ ആ ടിക്കറ്റുകൾ ഉപയോഗിക്കാൻ തടസ്സമുണ്ടായിരുന്ന പഴയ രീതിക്കാണ് ഇതോടെ അവസാനമാകുന്നത്. പുതിയ നിയമപ്രകാരം, സർവീസ് റദ്ദാക്കിയാൽ നിശ്ചിത സമയത്തിന് രണ്ട് മണിക്കൂർ മുൻപോ ശേഷമോ ഉള്ള മറ്റ് കമ്പനികളുടെ ട്രെയിനുകളിൽ അതേ റൂട്ടിൽ യാത്രക്കാർക്ക് യാത്ര ചെയ്യാം.
യാത്രക്കാരുടെ സൗകര്യങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും വിഭജിക്കപ്പെട്ട റെയിൽവേ സംവിധാനം കാരണം ആരും വഴിയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും റെയിൽവേ മന്ത്രി ലോർഡ് ഹെൻഡി പറഞ്ഞു. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് പുറമെ ക്രോസ് കൺട്രി, ജി.ഡബ്ല്യു.ആർ, അവന്തി വെസ്റ്റ് കോസ്റ്റ്, ചിൽട്ടൺ റെയിൽവേ തുടങ്ങിയ പ്രമുഖ സ്വകാര്യ സർവീസുകളിലും ഈ ആനുകൂല്യം ലഭ്യമാകും.