ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി: അനധികൃതമായി പിരിച്ച 100 ബില്യൺ ഡോളർ താരിഫ് തുക തിരിച്ചടച്ചു!
വാഷിംഗ്ടൺ ഡി.സി: യു.എസ് സുപ്രീം കോടതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് താരിഫ് ഇനത്തിൽ പിരിച്ചെടുത്ത തുകയിൽ നിന്നും ഏകദേശം 100 ബില്യൺ ഡോളർ (ഏകദേശം 60 ശതമാനം) ട്രംപ് ഭരണകൂടം തിരികെ നൽകിയതായി റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ലിബറേഷൻ ഡേ’ ഇറക്കുമതി തീരുവ വഴി ആകെ സമാഹരിച്ച 165 ബില്യൺ ഡോളറിൽ നിന്നാണ് ഈ തുക തിരിച്ചടച്ചിരിക്കുന്നത്. കസ്റ്റംസ് അധികൃതർ യു.എസ് കോടതി ഓഫ് ഇന്റർനാഷണൽ ട്രേഡിന് (CIT) സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.അധികമായി ചുമത്തിയ താരിഫുകളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എസ് സുപ്രീം കോടതി ഉത്തരവിറക്കിയത്. ഇതേത്തുടർന്ന്, ട്രംപ് സർക്കാർ നികുതി അടച്ച കമ്പനികൾക്ക് പണം തിരികെ നൽകാൻ നിർബന്ധിതരാവുകയായിരുന്നു.
അതിനിടെ, കാലഹരണപ്പെട്ട 10 ശതമാനം ആഗോള തീരുവയ്ക്ക് പകരമായി 80-ലധികം രാജ്യങ്ങൾക്ക് മേൽ 10 മുതൽ 12.5 ശതമാനം വരെ പുതിയ ഇറക്കുമതി നികുതികൾ ട്രംപ് വീണ്ടും ചുമത്തിയിട്ടുണ്ട്. യുകെ, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ, ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് പുതിയ നികുതി വലയിലുള്ളത്. നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിനുള്ള 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരമാണ് ഈ പുതിയ നടപടിയെന്ന് ഭരണകൂടം വാദിക്കുന്നു.
എന്നാൽ, ട്രംപിന്റെ പുതിയ താരിഫുകൾക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ ചേർന്ന് സി.ഐ.ടിയിൽ (CIT) സംയുക്ത കേസ് ഫയൽ ചെയ്തു. സുപ്രീം കോടതി റദ്ദാക്കിയ പഴയ ഇറക്കുമതി നികുതികൾക്ക് പകരമായി ജനങ്ങളുടെ മേൽ വീണ്ടും നികുതി ഭാരം അടിച്ചേൽപ്പിക്കാനുള്ള അനധികൃത ശ്രമമാണിതെന്ന് അറ്റോർണി ജനറൽമാർ ആരോപിച്ചു. പുതിയ താരിഫുകൾ ഉടൻ റദ്ദാക്കണമെന്നും, നിയമവിരുദ്ധമായി പിരിച്ചെടുത്ത തുക കമ്പനികൾക്കും കുടുംബങ്ങൾക്കും തിരിച്ച നൽകാൻ ഉത്തരവിടണമെന്നും സംസ്ഥാനങ്ങൾ കോടതിയോട് ആവശ്യപ്പെട്ടു.