ടെന്നസിയിൽ വധശിക്ഷാ ശ്രമത്തെ അതിജീവിച്ച ക്രിസ്റ്റ പൈ ആശുപത്രിയിൽ ബോധം തെളിഞ്ഞ് സംസാരിച്ചുതുടങ്ങി; അഭിഭാഷകർ.
നാഷ്വിൽ, ടെന്നസി : ടെന്നസിയിൽ ഭരണകൂടത്തിന്റെ വധശിക്ഷാ ശ്രമത്തെ അതിജീവിച്ച ക്രിസ്റ്റ പൈ ബോധം തെളിഞ്ഞ് സംസാരിച്ചുതുടങ്ങിയതായി അഭിഭാഷകർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമ്പതുകാരിയായ പൈയെ വധശിക്ഷയ്ക്ക് വിധേയയാക്കാൻ അധികൃതർ ശ്രമിച്ചത്. എന്നാൽ പെന്റോബാർബിറ്റൽ എന്ന മരുന്ന് രണ്ട് തവണ നൽകിയിട്ടും അത് ഫലപ്രദമാകാതെ വരികയും, ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അമേരിക്കയിലും ലോകമെമ്പാടും വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ സംഭവം.
ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടും ആശുപത്രി കിടക്കയിൽ അവളെ കൈവിലങ്ങുകളും ചങ്ങലകളും ഇട്ട് വച്ചിരിക്കുകയാണെന്ന് അഭിഭാഷകർ വ്യക്തമാക്കി. സമാനതകളില്ലാത്ത തരത്തിലുള്ള അതിജീവനമാണ് അവരുടേതെന്നും എങ്കിലും പൂർണ്ണ ആരോഗ്യനിലയിലേക്ക് തിരിച്ചെത്താൻ ഏറെ നാളത്തെ ചികിത്സ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. യുഎസിൽ വധശിക്ഷാ ശ്രമത്തെ അതിജീവിച്ച ഏക വ്യക്തിയാണ് ക്രിസ്റ്റ പൈ. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ഗവർണറോടുള്ള അപേക്ഷ തുടരുമെന്നും അഭിഭാഷകർ വ്യക്തമാക്കി.
തുടർച്ചയായ പരാജയങ്ങളെ തുടർന്നുള്ള വധശിക്ഷാ ശ്രമം രാഷ്ട്രീയ രംഗത്തും മനുഷ്യാവകാശ സംഘടനകൾക്കിടയിലും കടുത്ത പ്രതിഷേധത്തിനാണ് കാരണമായത്. സംഭവത്തെ തുടർന്ന് ടെന്നസി പ്രിസൺ ചീഫ് ഫ്രാങ്ക്സ്ട്രാഡ രാജി വെച്ചിരുന്നു. 1995-ൽ നടന്ന ഒരു കൊലപാതക കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൈ വർഷങ്ങളായി വധശിക്ഷ കാത്ത് കഴിഞ്ഞിരുന്നത്. തന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളും മാനസിക പ്രശ്നങ്ങളും പൈ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഏകദേശം മുപ്പത് വർഷത്തോളം ഏകാന്ത തടവിൽ കഴിഞ്ഞിട്ടുള്ള പൈയുടെ കാര്യത്തിൽ വധശിക്ഷ നടപ്പിലാക്കാൻ അധികൃതർ നടത്തിയ ശ്രമങ്ങൾ ക്രൂരമാണെന്ന ആക്ഷേപം ശക്തമാണ്. വധശിക്ഷയ്ക്കെതിരെ രംഗത്തുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ ഈ സംഭവത്തെ അതിശക്തമായി അപലപിച്ചിരുന്നു. മാനുഷിക പരിഗണന നൽകി ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.