ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ ഭാവിയുയർത്തി രണ്ട് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്.
ബർലിൻ: തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ഡോയ്ച്ലാൻഡ്’ (AfD) സ്വാധീനം ശക്തമാക്കുന്നതിനിടെ, ജർമ്മനിയിലെ രണ്ടു സംസ്ഥാനങ്ങളിലെ നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തലസ്ഥാനമായ ബർലിനിലും മെക്ലൻബർഗ്-വെസ്റ്റേൺ പൊമറേനിയയിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ (Friedrich Merz) രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണ്ണായകമാണ്.
രണ്ടാഴ്ച മുമ്പ് സാക്സോണി-ആൻഹാൾട്ടിൽ നടന്ന തിരഞ്ഞെടുപ്പിൽ മെർസിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (CDU) പാർട്ടിയെ പിന്തള്ളി കുടിയേറ്റ വിരുദ്ധ നിലപാടുള്ള AfD പാർട്ടി മികച്ച വിജയം നേടിയിരുന്നു. സമാനമായ തിരിച്ചടി ബർലിനിലും ആവർത്തിച്ചാൽ, കഴിഞ്ഞ 16 മാസമായി അധികാരത്തിലുള്ള മെർസിന് ചാൻസലർ പദവിയിൽ തുടരുന്നത് വെല്ലുവിളിയാകും.
സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വർദ്ധിച്ചതുമാണ് ഭരണപക്ഷത്തിന് വലിയ തിരിച്ചടിയാകുന്നത്. അതെ സമയം, പൊതുജനസമ്മതിയിൽ വലിയ ഇടിവ് നേരിട്ടിട്ടും സ്ഥാനമൊഴിയാൻ മെർസ് തയ്യാറായിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ മോശമായാൽ പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാകാൻ സാധ്യതയുണ്ട്.