Sathyian Nedumancherriyil

Subject : ചിൽട്ടേൺ റെയിൽവേസ് പൊതു ഉടമസ്ഥതയിലേക്ക്; ബ്രിട്ടനിൽ തീവണ്ടി ഗതാഗത ദേശസാൽക്കരണം ശക്തമാക്കി ലേബർ സർക്കാർ

ചിൽട്ടേൺ റെയിൽവേസ് പൊതു ഉടമസ്ഥതയിലേക്ക്; ബ്രിട്ടനിൽ തീവണ്ടി ഗതാഗത ദേശസാൽക്കരണം ശക്തമാക്കി ലേബർ സർക്കാർ

ലണ്ടൻ: യുകെയിലെ പ്രധാന റെയിൽവേ സേവനങ്ങളെല്ലാം പൂർണ്ണമായി പൊതു ഉടമസ്ഥതയിലാക്കാനുള്ള ലേബർ സർക്കാരിന്റെ നയത്തിന്റെ ഭാഗമായി ‘ചിൽട്ടേൺ റെയിൽവേസ്’ (Chiltern Railways) സേവനങ്ങൾ സർക്കാരിന്റെ കീഴിലാക്കി. ലണ്ടൻ മേരിലെബോൺ, ബർമിങ്ഹാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ റെയിൽവേ ശൃംഖല, 2025-ന് ശേഷം ലേബർ ഭരണകൂടം ദേശസാൽക്കരിക്കുന്ന ആറാമത്തെ ട്രെയിൻ ഓപ്പറേറ്ററാണ്.

വർദ്ധിച്ചുവരുന്ന തിരക്ക് പരിഹരിച്ച് കൂടുതൽ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും കൃത്യസമയത്തുള്ള സർവീസുകളും ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഡിസംബർ മുതൽ പ്രതിദിനം 25 പുതിയ സർവീസുകളും പതിനായിരത്തിലധികം അധിക സീറ്റുകളും പുതിയ തീവണ്ടികളും ചിൽട്ടേൺ നെറ്റ്‌വർക്കിൽ ഏർപ്പെടുത്തും.

എല്ലാ പ്രധാന പാസഞ്ചർ റെയിൽ സേവനങ്ങളെയും കോർത്തിണക്കി ‘ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേസ്’ (GBR) എന്ന ഒറ്റ പൊതുമേഖലാ സ്ഥാപനത്തിന് കീഴിലാക്കുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. 2027 അവസാനത്തോടെ രാജ്യത്തെ ബാക്കിയുള്ള പ്രധാന സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരുടെയും കരാറുകൾ അവസാനിപ്പിച്ച് പൂർണ്ണമായും പൊതു ഉടമസ്ഥതയിലേക്ക് മാറ്റുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഡിസംബറിൽ ‘ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേസ്’ ആണ് അടുത്തതായി സർക്കാരിന്റെ കീഴിലേക്ക് മാറുന്നത്.