Sathyian Nedumancherriyil

Subject : ചരിത്രപ്രധാനമായ കോടതി വിധിക്ക് പിന്നാലെ സറിയിലെ എണ്ണപ്പാടം വിറ്റ് യുകെ ഒജി; പുതിയ ഉടമകൾ വീണ്ടും ഖനനത്തിന് അപേക്ഷിച്ചു.

ചരിത്രപ്രധാനമായ കോടതി വിധിക്ക് പിന്നാലെ സറിയിലെ എണ്ണപ്പാടം വിറ്റ് യുകെ ഒജി; പുതിയ ഉടമകൾ വീണ്ടും ഖനനത്തിന് അപേക്ഷിച്ചു.

സറി: വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കും ചരിത്രപ്രധാനമായ സുപ്രീം കോടതി വിധിക്ക് പിന്നാലെയും, സറിയിലെ ഹോഴ്സ് ഹിൽ എണ്ണപ്പാട പദ്ധതിയുടെ നടത്തിപ്പുകാരായ യുകെ ഓയിൽ ആൻഡ് ഗ്യാസ് (UKOG) തങ്ങളുടെ പദ്ധതി പ്രദേശം തുച്ഛമായ വിലയ്ക്ക് വിറ്റു. കോടികൾ നിക്ഷേപിച്ച ഈ പദ്ധതി വലിയ നഷ്ടത്തോടെ കൈമാറിയ കമ്പനി, ‘യുകെ എനർജി ഗ്രൂപ്പ്’ എന്ന് പേരുമാറ്റി ശുദ്ധമായ ഊർജ്ജ മേഖലയിലേക്ക് ചുവടുമാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വെറും പത്തു ലക്ഷം പൗണ്ടിനാണ് പുതിയ ഉടമകൾ ഈ പ്രദേശം ഏറ്റെടുത്തത്.

പരിസ്ഥിതി ആഘാത വിലയിരുത്തലിൽ പദ്ധതിയുടെ പരോക്ഷമായ ഹരിതഗൃഹ വാതക നിർഗമനങ്ങളും പരിഗണിക്കണമെന്ന് 2024-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ‘ഫിഞ്ച് വിധി’ എന്നറിയപ്പെടുന്ന ഈ സുപ്രധാന കോടതി ഉത്തരവിനെ തുടർന്ന് എണ്ണപ്പാട വിപുലീകരണ അനുമതി റദ്ദാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് പൗണ്ട് നിക്ഷേപിച്ച കമ്പനി എണ്ണ-പ്രകൃതിവാതക മേഖലയിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായത്.

എന്നാൽ പുതിയ ഉടമകളായ ‘എനർജി ബി’ എണ്ണ ഖനനത്തിനായി സറി കൗണ്ടി കൗൺസിലിന് വീണ്ടും അനുമതി അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത ഇരുപത് വർഷത്തിനുള്ളിൽ ഏകദേശം 700,000 ടൺ എണ്ണ വേർതിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. ആഭ്യന്തര ഊർദ്ധ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നീക്കമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് വലിയ തോതിൽ കാർബൺ പുറന്തള്ളലിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

സുപ്രീം കോടതി വിധിക്ക് ശേഷമുള്ള കാലാവസ്ഥാ നയങ്ങളുടെ വലിയൊരു പരിശോധനയായിരിക്കും സറി കൗണ്ടി കൗൺസിലിന്റെ ഈ തീരുമാനമെന്ന് കേസിൽ നിയമപോരാട്ടം നടത്തിയ സാറാ ഫിഞ്ച് വ്യക്തമാക്കി. കൗൺസിൽ അനുമതി നൽകിയാൽ വീണ്ടും നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈഡ്രജൻ-ഊർദ്ധ സംഭരണ പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുകെ എനർജി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ തീരുമാനം.