ഗൾഫ് മേഖല വീണ്ടും യുദ്ധക്കളത്തിലേക്ക്! വെടിനിർത്തൽ തകർത്ത് യുഎസ്-ഇറാൻ മിസൈൽ പോരാട്ടം.
മനാമ: കടുത്ത യുദ്ധത്തിനിടയിലും ഫിഫ ലോകകപ്പിനായി ഇറാൻ ഫുട്ബോൾ ടീമിന് യുഎസ് വിസ അനുവദിച്ചതിന് തൊട്ടുപിന്നാലെ, പേർഷ്യൻ ഗൾഫ് മേഖലയിൽ വീണ്ടും യുഎസും ഇറാനും തമ്മിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ഇരുകൂട്ടരും തമ്മിൽ കഴിഞ്ഞ ഏപ്രിൽ മുതൽ നിലവിലുള്ള താല്കാലിക വെടിനിർത്തൽ കരാറിനെ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് പുതിയ വ്യോമാക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ തൊടുത്തുവിട്ട നാല് ‘വൺ-വേ അറ്റാക്ക്’ ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (Centcom) അറിയിച്ചു.
അമേരിക്കയുടെ ഈ നടപടി വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. യുഎസ് തങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറിയതായി ആരോപിച്ച ഇറാൻ, തൊട്ടുപിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് വ്യോമ-നാവിക താവളങ്ങൾക്ക് നേരെ തുടർച്ചയായി ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചാണ് തിരിച്ചടിച്ചത്. തങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി.
ഇറാൻ തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകളിൽ ആറെണ്ണവും തങ്ങൾ വിജയകരമായി പ്രതിരോധിച്ചതായും ആളപായമില്ലെന്നും കുവൈറ്റും ബഹ്‌റൈനും വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കുന്ന ഇറാന്റെ ഈ നീക്കത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് മേഖലയിൽ വലിയ രീതിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ലോകത്തെ 20 ശതമാനത്തോളം എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതോടെ സമാധാന ചർച്ചകൾ നിലവിൽ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.