കോടതികളിൽ ‘ചാരക്കണ്ണുകൾക്ക്’ വിലക്ക്: മെറ്റാ സ്മാർട്ട് ഗ്ലാസുകൾ കണ്ടുകെട്ടാൻ ഉത്തരവ്!
ലണ്ടൻ : ചാരക്കണ്ണുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറ്റാ സ്മാർട്ട് ഗ്ലാസുകൾക്കെതിരെ കടുത്ത നടപടിയുമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികൾ. വിചാരണ നടപടികൾ രഹസ്യമായി പകർത്തിയേക്കുമെന്ന ആശങ്കയെത്തുടർന്ന് കോടതി സമുച്ചയങ്ങൾക്ക് ഉള്ളിലേക്ക് ഇത്തരം ഗ്ലാസുകൾ ധരിച്ചെത്തുന്നത് പൂർണ്ണമായും നിരോധിച്ചു. ജൂഡീഷ്യൽ കെട്ടിടങ്ങളിൽ പ്രവേശിക്കുന്നവരുടെ മെറ്റാ ഗ്ലാസുകൾ സുരക്ഷാ ജീവനക്കാർ കണ്ടുകെട്ടുകയും മടങ്ങുമ്പോൾ തിരികെ നൽകുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്മാർട്ട്ഫോണുകളിൽ വീഡിയോ റെക്കോർഡിംഗ് സംവിധാനമുണ്ടെങ്കിലും കോടതികൾക്കുള്ളിൽ അവ അനുവദിക്കാറുണ്ട്. എന്നാൽ ധരിക്കുന്നയാളുടെ കണ്ണുകളുടെ ചലനത്തിലൂടെ പോലും ചിത്രങ്ങളും വീഡിയോകളും പകർത്തുവാൻ കഴിയുന്ന സ്മാർട്ട് ഗ്ലാസുകൾക്ക് ഈ ഇളവ് നൽകാനാവില്ലെന്ന് എച്ച്.എം.സി.ടി.എസ് (HMCTS) വ്യക്തമാക്കി. മുൻപ് കോടതിയിൽ തെളിവ് നൽകുന്നതിനിടയിൽ സ്മാർട്ട് ഗ്ലാസ് വഴി ഒരാൾ രഹസ്യമായി സഹായം കൈപ്പറ്റിയതായി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.
നേരത്തെ ന്യൂയോർക്കിലെ കോടതികളിലും സമാനമായ രീതിയിൽ മെറ്റാ ഗ്ലാസുകൾ നിരോധിച്ചിരുന്നു. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് ഉടമകളായ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ സുരക്ഷാ ജീവനക്കാർ കാലിഫോർണിയയിലെ ഒരു വിചാരണയ്ക്കിടെ സ്മാർട്ട് ഗ്ലാസ് ധരിച്ചെത്തിയത് ജഡ്ജിയുടെ കടുത്ത അമർഷത്തിന് കാരണമായിരുന്നു. കോടതിയുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കാനാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് അധികൃതർ നീങ്ങുന്നത്.
അനുമതിയില്ലാതെ ആളുകളുടെ ദൃശ്യങ്ങൾ പകർത്തുവാൻ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ‘പെർവേർട്ട് ഗ്ലാസുകൾ’ (Pervert glasses) എന്നും ഇവ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. തൽഫലമായി, കോടതികൾക്ക് പുറമെ യുകെയിലെ നിരവധി പ്രമുഖ തിയേറ്ററുകൾ, പബ്ബുകൾ, വെതർസ്പൂൺസ് ഉൾപ്പെടെയുള്ള റെസ്റ്റോറന്റ് ശൃംഖലകൾ എന്നിവയും ഇതിനോടകം തന്നെ മെറ്റാ ഗ്ലാസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.