Sathyian Nedumancherriyil

Subject : കുപ്പിവെള്ള കമ്പനി പിടിച്ചെടുക്കാൻ ഉക്രെയ്ൻ; സർക്കാരിനെതിരെ നിയമപോരാട്ടവുമായി ബ്രിട്ടീഷ് ശതകോടീശ്വര കുടുംബം!

കുപ്പിവെള്ള കമ്പനി പിടിച്ചെടുക്കാൻ ഉക്രെയ്ൻ; സർക്കാരിനെതിരെ നിയമപോരാട്ടവുമായി ബ്രിട്ടീഷ് ശതകോടീശ്വര കുടുംബം!

കീവ്: ഉക്രെയ്നിലെ ഏറ്റവും വലിയ കുപ്പിവെള്ള ബ്രാൻഡായ ‘ഐ.ഡി.എസ് ഉക്രെയ്ൻ’ (IDS Ukraine) പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബ്രിട്ടീഷ് തിയേറ്റർ നിർമ്മാതാവും ശതകോടീശ്വര കുടുംബാംഗവുമായ ലിയാന പട്ടാർകാട്സിഷ്വിലിയും കുടുംബവും രംഗത്ത്. റഷ്യൻ പ്രഭു മിഖായേൽ ഫ്രെഡ്മാനും പങ്കാളിത്തമുള്ള കമ്പനിയിലെ 34 ശതമാനം ഓഹരികളാണ് ഈ കുടുംബത്തിനുള്ളത്. പുടിൻ ഭരണകൂടത്തെ പിന്തുണച്ചതിന് ഫ്രെഡ്മാനെതിര പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്നാണ് 2022-ൽ കമ്പനിയുടെ നിയന്ത്രണങ്ങൾ ഉക്രെയ്ൻ സർക്കാർ മരവിപ്പിച്ചത്.

കമ്പനിയുടെ ഭരണം ഏറ്റെടുക്കാൻ ഉക്രെയ്നിലെ അസറ്റ് റിക്കവറി ആൻഡ് മാനേജ്‌മെന്റ് ഏജൻസി (Arma) ശ്രമിക്കുന്നുണ്ടെങ്കിലും, നിലവിലെ ഓഹരിയുടമകൾ നിയമപരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി ഏജൻസി ആരോപിക്കുന്നു. കമ്പനി കേന്ദ്രീകരിച്ച് സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും നടക്കാൻ സാധ്യതയുണ്ടെന്ന് ഉക്രേനിയൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം കമ്പനി പൂർണ്ണമായി ദേശസാൽക്കരിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ഉക്രെയ്നിലെ ആന്റി-കറപ്ഷൻ ഹൈക്കോടതിയിൽ നിയമപോരാട്ടം നടക്കുകയാണ്.

തങ്ങൾക്കുമേൽ യാതൊരുവിധ ഉപരോധങ്ങളും നിലവിലില്ലെന്നും നീതിപൂർവ്വമായ നടപടിയല്ല സർക്കാർ സ്വീകരിക്കുന്നതെന്നും പട്ടാർകാട്സിഷ്വിലി കുടുംബം വ്യക്തമാക്കി. ഉക്രെയ്ൻ കോടതികളിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര കോടതികളെ സമീപിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. മുൻ സോവിയറ്റ് വ്യവസായി ബാദ്രി പട്ടാർകാട്സിഷ്വിലിയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേർന്ന് ഈ കമ്പനിയുടെ ഓഹരികൾ കൈവശം വെയ്ക്കാൻ തുടങ്ങിയത്.

എന്നാൽ റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ തങ്ങൾ ഉക്രെയ്നൊപ്പം ഉറച്ചുനിൽക്കുകയാണെന്നും രാജ്യത്ത് കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന സർക്കാരിന്റെ ആരോപണങ്ങൾ തെറ്റാണെന്നും യാതൊരു അന്വേഷണ ഏജൻസികളും ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. യുദ്ധസമയത്ത് ഏറെ തന്ത്രപ്രധാനമായ ഈ കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം വരുംദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമായേക്കും.