കുട്ടികളുടെ കാര്യത്തിൽ യുകെയിൽ ‘പോസ്റ്റ്കോഡ് ലോട്ടറി’; അവസരങ്ങളിലെ അസമത്വം അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് കമ്മീഷണർ.
ലണ്ടൻ: ഇംഗ്ലണ്ടിലെ കുട്ടികൾ വൻതോതിലുള്ള അസമത്വവും അവസരനിഷേധവും നേരിടുകയാണെന്നും കുട്ടികൾക്കായുള്ള സേവന മേഖലകൾ ‘അടിയന്തരാവസ്ഥ’ക്ക് സമാനമായ പ്രതിസന്ധിയിലാണെന്നും മുന്നറിയിപ്പ് നൽകി കുട്ടികളുടെ അവകാശ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ. ‘ദി ചൈൽഡ്ഹുഡ് ലോട്ടറി’ (The Childhood Lottery) എന്ന പേരിൽ പുറത്തിറക്കിയ പുതിയ പഠന റിപ്പോർട്ടിലാണ്, കുട്ടികൾ ജനിച്ചുവളരുന്ന സ്ഥലങ്ങൾ (Postcode) അവരുടെ ഭാവിയെ നിർണ്ണയിക്കുന്ന വിവേചനപരമായ അവസ്ഥ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നത്. വൻകിട സിറ്റി മേയർമാർക്കും പ്രാദേശിക സർക്കാറുകൾക്കും കുട്ടികളുടെ ക്ഷേമത്തിന് കൂടുതൽ അധികാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, മാനസികാരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2024-25 കാലയളവിൽ പത്ത് ലക്ഷത്തിലധികം കുട്ടികളെയാണ് മാനസികാരോഗ്യ സേനങ്ങൾക്കായി റഫർ ചെയ്തത്. ഇംഗ്ലീഷ്, ഗണിതം ജിസിഎസ്ഇ (GCSE) പരീക്ഷകളിൽ 55% കുട്ടികൾക്കും മികച്ച നിലവാരം പുലർത്താൻ കഴിയുന്നില്ല. കൂടാതെ, 16 നും 24 നും ഇടയിൽ പ്രായമുള്ള പത്ത് ലക്ഷത്തോളം യുവാക്കൾ ജോലിയിലോ വിദ്യാഭ്യാസത്തിലോ പരിശീലനങ്ങളിലോ ഉൾപ്പെടാതെ പുറത്തുനിൽക്കുകയാണ്.
മിഡിൽസ്ബ്രോ, ഹാൾട്ടൺ, നോട്ടിംഗ്ഹാം, ലിവർപൂൾ, സണ്ടർലാന്റ്, ലെസ്റ്റർ തുടങ്ങിയ പ്രദേശങ്ങൾ കുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും പ്രയാസകരമായ ഇടങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സറി, ഹെർട്ട്ഫോർഡ്ഷയർ, റിച്ച്മണ്ട് അപ്പോൺ തേംസ്, ചെഷയർ തുടങ്ങിയ പ്രദേശങ്ങൾ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളവയായി തരംതിരിച്ചു. ഉദാഹരണത്തിന്, ലെസ്റ്ററിൽ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫർ ചെയ്താൽ 6 ദിവസത്തിനകം സേവനം ലഭിക്കുമ്പോൾ ഹാംപ്ഷയറിൽ ഇതിന് 118 ദിവസത്തോളം കാത്തിരിക്കണം. അതുപോലെ റിച്ച്മണ്ട് അപ്പോൺ തേംസിൽ 70% കുട്ടികൾ മികച്ച മാർക്ക് നേടുമ്പോൾ നോസ്ലിയിൽ ഇത് 31% മാത്രമാണ്.
ദാരിദ്ര്യം മാത്രമാണ് സേവനങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന് പറയാനാവില്ലെന്നും പണവും പദവിയുമുള്ള ഇടങ്ങളിൽ പോലും വിടവുകൾ ദൃശ്യമാണെന്നും റേച്ചൽ ഡി സൂസ വ്യക്തമാക്കി. ഓരോ പ്രദേശത്തും കുട്ടികൾക്കായി കുറഞ്ഞ തോതിലുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും അടിയന്തര ഫണ്ട് രൂപീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശിച്ചു. വളരുന്ന ചുറ്റുവട്ടത്തിന്റെ പേരിൽ ഒരു കുട്ടിയുടെയും ഭാവിയും അവസരങ്ങളും തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്നും, കുട്ടിപ്പരുവം മുതൽ തൊഴിൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ നിക്ഷേപവും പരിഷ്കാരങ്ങളും നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രതികരിച്ചു.