കുഞ്ഞുങ്ങളിലെ മാരക പേശിക്ഷയ രോഗം തടയാൻ പുതിയ വഴി; യുകെയിൽ എല്ലാ നവജാതശിശുക്കൾക്കും എസ്എംഎ പരിശോധന നിർബന്ധമാക്കുന്നു.
ലണ്ടൻ: ഇംഗ്ലണ്ടിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും അപൂർവവും മാരകവുമായ ‘സ്പൈനൽ മസ്കുലർ അട്രോഫി’ (SMA) എന്ന പേശിക്ഷയ രോഗത്തിനുള്ള പരിശോധന അടുത്ത വർഷം മുതൽ നിർബന്ധമാക്കുന്നു. ഹീൽ-പ്രിക്ക് (Heel-prick) രക്തപരിശോധനയിലൂടെയാണ് നവജാതശിശുക്കളിൽ ഈ രോഗനിർണ്ണയം നടത്തുകയെന്ന് യുകെ ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. രോഗം നേരത്തെ കണ്ടെത്തി ജനിതക ചികിത്സയിലൂടെ (Gene-therapy) കുട്ടികൾക്ക് സാധാരണ ജീവിതം ഉറപ്പാക്കാൻ ഈ ചരിത്രപരമായ തീരുമാനം സഹായിക്കുമെന്ന് സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ കൈകാലുകൾ തളർന്നുപോകാനും, ഇരിക്കാനോ നടക്കാനോ കഴിയാത്തവിധം ശ്വാസതടസ്സവും വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്ന കഠിനമായ രോഗാവസ്ഥയാണിത്. യഥാസമയം രോഗനിർണ്ണയം നടത്തിയില്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ കുഞ്ഞുങ്ങളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. യുകെയിൽ പതിനായിരത്തിൽ ഒരു കുഞ്ഞിനെ എന്ന തോതിൽ, പ്രതിവർഷം ശരാശരി 48 കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.
പരിശോധനകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഏഴ് ലബോറട്ടറികളുടെ എണ്ണം പതിമൂന്നായി ഉയർത്താൻ മിനിസ്റ്റർമാർ തീരുമാനിച്ചു. കുഞ്ഞുങ്ങൾ ജനിച്ച് അഞ്ചാം ദിവസം നടത്തുന്ന ഹീൽ-പ്രിക്ക് രക്തപരിശോധനയിലൂടെ നിലവിൽ സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾ സെൽ രോഗം ഉൾപ്പെടെയുള്ള 10 ഗുരുതര രോഗങ്ങൾ കണ്ടെത്തുന്നുണ്ട്. ഇതിനോടൊപ്പമാണ് ഇനി മുതൽ എസ്എംഎ പരിശോധനയും ഉൾപ്പെടുത്തുക. ഇത് ചികിത്സാരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകുമെന്നും എസ്എംഎ യുകെ ചീഫ് എക്സിക്യൂട്ടീവ് ഗൈൽസ് ലോമാക്സ് പറഞ്ഞു.
പ്രശസ്ത പോപ്പ് ഗായിക ജെസി നെൽസൺ നടത്തിയ ശക്തമായ കാമ്പെയ്നുകളാണ് ഈ വിഷയത്തിൽ ഗവൺമെന്റ് അടിയന്തിര തീരുമാനമെടുക്കാൻ കാരണമായത്. അവരുടെ ഇരട്ടക്കുട്ടികളായ ഓഷ്യൻ ജേഡിനും സ്റ്റോറി മൺറോയ്ക്കും ഈ രോഗം സ്ഥിരീകരിച്ചിരുന്നു. മുൻപ് പ്രഖ്യാപിച്ച പരിമിതമായ പദ്ധതിയെ അവർ പരസ്യമായി വിമർശിച്ചിരുന്നു. ഗവൺമെന്റിന്റെ പുതിയ പ്രഖ്യാപനം എസ്എംഎ ബാധിതരായ എല്ലാ കുടുംബങ്ങളുടെയും വിജയമാണെന്നും, വരുംതലമുറയിലെ കുഞ്ഞുങ്ങൾക്ക് രോഗമുക്തവും പ്രകാശപൂർണ്ണവുമായ ഭാവി ഉറപ്പാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും ജെസി നെൽസൺ പ്രതികരിച്ചു.