കാലാവസ്ഥാ ഭീഷണിയിൽ പകച്ച് യുകെ; പരിസ്ഥിതി മന്ത്രാലയത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ വെറും 20 ജീവനക്കാർ!
ലണ്ടൻ: യുകെയിൽ കടുത്ത ഉഷ്ണതരംഗവും വരൾച്ചയും കാട്ടുതീയും പടരുമ്പോഴും, പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ചുമതലയുള്ള പ്രധാന സർക്കാർ വകുപ്പായ ഡെഫ്രയിൽ (Defra) കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നത് വെറും 20 ജീവനക്കാർ മാത്രമാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മന്ത്രാലയത്തിലെ ആകെയുള്ള 6,613 ജീവനക്കാരുടെ വെറും 0.3 ശതമാനം മാത്രമാണിത്. ആഗോള താപനം കാരണം ഉണ്ടാകുന്ന അടിയന്തര കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ യുകെ സർക്കാർ ഏറെ പിന്നിലാണെന്ന് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ കമ്മിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കഠിനമായ ചൂടും ശീതകാലത്തെ കനത്ത മഴയും യുകെയിൽ വരൾച്ചയ്ക്കും പ്രളയത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ്. നദികളിലെ ജലനിരപ്പ് 45 ശതമാനം വരെ ഉയർന്നേക്കാമെന്നും കുടിവെള്ള ലഭ്യതയിൽ പ്രതിദിനം 500 കോടി ലിറ്ററിന്റെ കുറവുണ്ടായേക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ പരാജയപ്പെട്ടാൽ 2050 ഓടെ യുകെയുടെ ജിഡിപിയുടെ 1 മുതൽ 5 ശതമാനം വരെ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.
അതിരൂക്ഷമായ ഉഷ്ണതരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ തുകയും ജീവനക്കാരെയും അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തി. ഈ വർഷം ഇതുവരെ 966-ലധികം കാട്ടുതീ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കാട്ടുതീ അണയ്ക്കാൻ ആവശ്യമായ വാട്ടർ ബോംബിംഗ് വിമാനങ്ങളോ മറ്റ് ആധുനിക ഉപകരണങ്ങളോ യുകെ ഫയർഫോഴ്സിന്റെ പക്കലില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ഫയർ ബ്രിഗേഡ്സ് യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം മന്ത്രാലയത്തിന്റെ പ്രധാന മുൻഗണനയാണെന്നും പ്രളയ തടയലിനും റിസർവോയറുകളുടെ നിർമ്മാണത്തിനുമായി വൻതുക നീക്കിവെച്ചിട്ടുണ്ടെന്നും ഡെഫ്ര വക്താവ് വ്യക്തമാക്കി. പുതിയ പ്രളയ തടയൽ പദ്ധതികൾക്കായി 2036 മാർച്ചിനുള്ളിൽ 10.5 ബില്യൺ പൗണ്ട് നിക്ഷേപിക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.