കാനഡയെ യൂറോപ്യൻ യൂണിയന്റെ അസോസിയേറ്റ് അംഗമാക്കാൻ നിർദ്ദേശിച്ച് ഉർസുല വോൺ ഡെർ ലെയ്ൻ.
ബ്രസ്സൽസ്: കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ നിർദ്ദേശിച്ച് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. കാനഡയുമായുള്ള പങ്കാളിത്തം പരമാവധി ഉയർന്ന തലത്തിലേക്ക് ഉയർത്താൻ യൂറോപ്യൻ യൂണിയൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അവർ, സ്വതന്ത്ര രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് അവർ വ്യക്തമാക്കി.
ആസ്ട്രേലിയ, ഇന്ത്യ, മെർക്കോസുർ ബ്ലോക്ക്, മെക്സിക്കോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും വോൺ ഡെർ ലെയ്ൻ പരാമർശിച്ചു. സ്വന്തം നിലയ്ക്ക് മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ചില ലോക നേതാക്കളെ പരോക്ഷമായി വിമർശിച്ച അവർ, സങ്കീർണ്ണമായ ഭീഷണികളെ നേരിടാൻ പുതിയ ആഗോള കൂട്ടായ്മകളും പങ്കാളിത്തങ്ങളും അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയന്റെ അടിത്തറയായ സമാധാനത്തിന്റെയും സമൃദ്ധിയുടെയും മൂല്യങ്ങൾ പുതിയ തലമുറ വീണ്ടെടുക്കേണ്ടതുണ്ടെന്നും വോൺ ഡെർ ലെയ്ൻ ഓർമ്മിപ്പിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ഒന്നിപ്പിച്ചുകൊണ്ട് പുതിയ തലമുറയെ പ്രചോദിപ്പിക്കാൻ ‘കോൺഗ്രസ് ഫോർ യൂറോപ്പ്’ എന്ന പുതിയ സംവിധാനം രൂപീകരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. വ്യത്യസ്തകളും അപൂർണ്ണതകളുമാണ് യൂറോപ്പിനെ കൂടുതൽ മനോഹരവും സവിശേഷവുമാക്കുന്നതെന്നും അവർ വ്യക്തമാക്കി.
കാനഡയെ അസോസിയേറ്റ് അംഗമാക്കിക്കൊണ്ടുള്ള വോൺ ഡെർ ലെയ്ന്റെ പ്രഖ്യാപനത്തിന് സദസ്സിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് മറ്റാരെങ്കിലുമെതിരെയുള്ള കൂട്ടായ്മയല്ലെന്നും, പരസ്പര കരുത്ത് വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കമാണെന്നും വ്യക്തമാക്കിയാണ് അവർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.