കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്തണം; ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്ക.
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ഇറാനോട് അമേരിക്ക ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകിയിരിക്കുകയാണെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് യു.എസിന്റെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ കർശന നീക്കം.
കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് തങ്ങൾക്ക് പറ്റിയ തെറ്റാണെന്നും ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന ചില ആഭ്യന്തര തീവ്രഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും ഇറാൻ യു.എസിനെ സ്വകാര്യമായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എങ്കിലും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
കപ്പൽ ആക്രമണത്തിന് പിന്നാലെ ഇറാനിലെ തൊണ്ണൂറോളം കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകത്തെ എണ്ണ-പ്രകൃതിവാതക ഗതാഗതത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ലഘൂകരിക്കാൻ ഖത്തറും ഒമാനും നിലവിൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നുണ്ട്.