Sathyian Nedumancherriyil

Subject : ഓൺലൈൻ ഇന്റർവ്യൂകളിൽ എഐ തട്ടിപ്പ്; വൻ ക്രമക്കേടെന്ന് യുകെയിലെ മുൻനിര തൊഴിൽദാതാക്കൾ!

ഓൺലൈൻ ഇന്റർവ്യൂകളിൽ എഐ തട്ടിപ്പ്; വൻ ക്രമക്കേടെന്ന് യുകെയിലെ മുൻനിര തൊഴിൽദാതാക്കൾ!

മാഞ്ചസ്റ്റർ : വെർച്വൽ ജോബ് ഇന്റർവ്യൂകളിൽ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം കണ്ടെത്താൻ എഐ (AI) ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ മുൻനിര തൊഴിൽദാതാക്കളുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് എംപ്ലോയേഴ്സ് (ISE) നടത്തിയ സർവേയിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. നിയമന പരിശോധനാ ഘട്ടങ്ങളിൽ 92 ശതമാനം തൊഴിൽദാതാക്കളും ക്രമക്കേടുകൾ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.

ഓൺലൈൻ ഇന്റർവ്യൂകളിലും അസസ്മെന്റുകളിലും മുൻകൂട്ടി അനുമതിയില്ലാതെ എഐ ആപ്പുകൾ ഉപയോഗിക്കുന്നതാണ് ഇത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട തട്ടിപ്പ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എഐ ആപ്പുകൾ എടുക്കുന്ന സമയം, ഉദ്യോഗാർത്ഥികളുടെ സ്വാഭാവികമല്ലാത്ത സംസാരരീതി എന്നിവയിലൂടെ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് റിക്രൂട്ട്മെന്റ് വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ എഐ സഹായം തേടുന്നവരെ ഇന്റർവ്യൂവിൽ നിന്ന് ഉടൻ തന്നെ പുറത്താക്കുകയാണ് കമ്പനികൾ ചെയ്യുന്നത്.

ഇന്റർവ്യൂകളിൽ കൃത്രിമം കാണിച്ച് ജോലി നേടുന്നത് യഥാർത്ഥത്തിൽ ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമല്ലാത്ത തസ്തികകളിൽ എത്തപ്പെടാൻ ഇടയാക്കുമെന്ന് ഐഎസ്ഇ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഇഷർവുഡ് ഓർമ്മിപ്പിച്ചു. എഐ ഉപയോഗിച്ച് സിവി തയ്യാറാക്കുന്നതും ഓൺലൈൻ പരീക്ഷകൾ എഴുതുന്നതും ഇന്റർവ്യൂ ബോർഡിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്. യഥാർത്ഥ കഴിവുകളും തസ്തികയെക്കുറിച്ചുള്ള കൃത്യമായ ധാരണയുമാണ് അഭിമുഖങ്ങളിൽ തെളിയിക്കേണ്ടത്.

അതേസമയം ബിരുദധാരികൾക്കുള്ള തൊഴിലവസരങ്ങളിൽ നിലവിൽ വലിയ തകർച്ച ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് മേഖലയിലെ നിയമനങ്ങളെ ബാധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ തൊഴിൽ മേഖലയിൽ എഐ വലിയ മാറ്റങ്ങൾ വരുത്തുമെങ്കിലും, നിലവിൽ ഇന്റർവ്യൂകളിലെ സുതാര്യതയും സത്യസന്ധതയുമാണ് തൊഴിൽദാതാക്കൾ പ്രധാനമായും വിലയിരുത്തുന്നത്.