Sathyian Nedumancherriyil

Subject : ഒരൊറ്റ സെൽഫിയിലൂടെ ക്യാൻസർ അതിജീവന സാധ്യത പ്രവചിക്കാൻ പുതിയ AI സാങ്കേതികവിദ്യ.

ഒരൊറ്റ സെൽഫിയിലൂടെ ക്യാൻസർ അതിജീവന സാധ്യത പ്രവചിക്കാൻ പുതിയ AI സാങ്കേതികവിദ്യ.

ബോസ്റ്റൺ: ക്യാൻസർ രോഗികളുടെ മുഖത്തിന്റെ ഒരൊറ്റ ചിത്രം ഉപയോഗിച്ച് അവരുടെ രോഗമുക്തിയും അതിജീവന സാധ്യതയും പ്രവചിക്കാൻ സഹായിക്കുന്ന പുതിയ നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ. മസാചുസെറ്റ്സിലെ ‘മാസ് ജനറൽ ബ്രിഗാം’ കേന്ദ്രത്തിലെ വിദഗ്ദ്ധരാണ് ഈ എഐ ടൂൾ വികസിപ്പിച്ചത്. നാല് കോടിയിലധികം മുഖചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ സിസ്റ്റം പരിശീലനം നേടിയത്.

വ്യക്തിയുടെ യഥാർത്ഥ വയസ്സിനേക്കാൾ അവരുടെ ശരീരത്തിന്റെ ജൈവപരമായ പ്രായം (Biological Age) കണക്കാക്കിയാണ് എഐ അതിജീവന നിരക്ക് പ്രവചിക്കുന്നത്. ഒരാളുടെ യഥാർത്ഥ വയസ്സിനേക്കാൾ 5 വയസ്സെങ്കിലും കൂടുതൽ പ്രായം തോന്നിക്കുന്ന ക്യാൻസർ രോഗികളിൽ മരണസാധ്യത 21 ശതമാനം കൂടുതലാണെന്നും, പ്രായക്കുറവ് തോന്നിക്കുന്നവരിൽ മരണസാധ്യത 17 ശതമാനം കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.

ലഹരിമരുന്ന്, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ മുഖത്തിന് പെട്ടെന്ന് പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാകുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രധാന ശസ്ത്രക്രിയകൾക്കും റേഡിയോതെറാപ്പി പോലെയുള്ള തീവ്ര പരിചരണങ്ങൾക്കും മുൻപായി രോഗിയുടെ ആരോഗ്യാവസ്ഥ കൃത്യമായി വിലയിരുത്താനും, അനുയോജ്യമായ ചികിത്സാ രീതികൾ തിരഞ്ഞെടുക്കാനും ഡോക്ടർമാരെ ഈ സാങ്കേതികവിദ്യ സഹായിക്കും.